ജിസാന്‍ – കേടായതും കാലാവധി തീര്‍ന്നതുമായ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുകയും വില്പനക്ക് പ്രദര്‍ശിപ്പിക്കുകയും ചെയ്ത കേസില്‍ ജിസാനില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തിനും സ്ഥാപന മാനേജര്‍ക്കും ജിസാന്‍ അപ്പീല്‍ കോടതി 30,000 റിയാല്‍ പിഴ ചുമത്തി. ഭക്ഷ്യവസ്തു വില്പന മേഖലയില്‍ ജിസാനില്‍ പ്രവര്‍ത്തിക്കുന്ന വാഫിര്‍ ട്രേഡിംഗ് കമ്പനിക്കും സ്ഥാപന മാനേജറായ യെമനി പൗരന് ജമീല്‍ മുഹമ്മദ് അബ്ദു സുബൈഹിനുമാണ് പിഴ ചുമത്തിയത്.

സ്ഥാപനം പത്തു ദിവസത്തേക്ക് അടപ്പിക്കാനും സ്ഥാപനത്തില്‍ കണ്ടെത്തിയ കാലാവധി തീര്‍ന്നതും കേടായതുമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിക്കാനും വിധിയുണ്ട്. സ്ഥാപനത്തിന്റെയും യെമനി മാനേജറുടെയും പേരുവിവരങ്ങളും സ്ഥാപനം നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും നിയമ ലംഘകരുടെ ചെലവില്‍ പത്രത്തില്‍ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
ജിസാന്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ വാണിജ്യ മന്ത്രാലയ സംഘം നടത്തിയ പരിശോധനയില്‍ കേടായതും കാലാവധി തീര്‍ന്നതുമായ ചോളം വില്പനക്ക് പ്രദര്‍ശിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ വാണിജ്യ മന്ത്രാലയം നിയമ നടപടികള്‍ക്ക് കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.
സൗദിയില്‍ വാണിജ്യ വഞ്ചനാ വിരുദ്ധ നിയമം അനുസരിച്ച് വാണിജ്യ വഞ്ചനാ കേസ് പ്രതികള്‍ക്ക് മൂന്നു വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും.