ജിദ്ദ: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി-20 രാജ്യങ്ങളില്‍ സുരക്ഷാ സൂചികയില്‍ സൗദി അറേബ്യ ഒന്നാം സ്ഥാനത്ത്. സൗദിയില്‍ തങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ രാത്രിയില്‍ ഒറ്റക്ക് നടക്കുമ്പോള്‍ ജനസംഖ്യയില്‍ 92.6 ശതമാനം പേര്‍ക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നതായി ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യ സൂചകങ്ങളുടെ ഡാറ്റാബേസ് വിവരങ്ങള്‍ സൂചിപ്പിക്കുന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ഇന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കി.

സൗദിയിലെ മുഴുവന്‍ പ്രവിശ്യകളിലും പ്രദേശങ്ങളിലും ജനങ്ങള്‍ അനുഭവിക്കുന്ന സുരക്ഷ കൈവരിക്കുന്നതില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുളുടെ പങ്ക് അതോറിറ്റി പ്രഖ്യാപിച്ച ഫലങ്ങള്‍ വ്യക്തമാക്കുന്നു.
സാമ്പത്തിക സുരക്ഷ, ഭക്ഷ്യസുരക്ഷ, പരിസ്ഥിതി സുരക്ഷ, ആരോഗ്യ സുരക്ഷ, സാമൂഹിക സുരക്ഷ, രാഷ്ട്രീയ സുരക്ഷ, ബൗദ്ധിക സുരക്ഷ, സാങ്കേതിക സുരക്ഷ, സൈബര്‍ സുരക്ഷ തുടങ്ങിയ വിവിധ മേഖലകളില്‍ രാജ്യത്ത് സുരക്ഷയും മാന്യമായ ജീവിതവും പ്രദാനം ചെയ്യാനും വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്കനുസൃതമായി സേവനങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കാനായത്. 2020 ലെ സുസ്ഥിര വികസന റിപ്പോര്‍ട്ടിലെ സുരക്ഷാ സൂചികയിയില്‍ ജി-20 രാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവുമധികം നില മെച്ചപ്പെടുത്തിയ രാജ്യം സൗദി അറേബ്യയായിരുന്നു.