ജിദ്ദ – സൗദിയില്‍ ബഖാലകളിലും സ്റ്റാളുകളിലും പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിരോധിക്കാന്‍ മുനിസിപ്പല്‍, പാര്‍പ്പിട മന്ത്രാലയം നീക്കം. തുടങ്ങി. ബഖാലകള്‍ക്കും മിനിമാര്‍ക്കറ്റുകള്‍ക്കും സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ക്കും ബാധകമാക്കുന്ന പുതിയ വ്യവസ്ഥകളിലാണ് ബഖാലകളിലും സ്റ്റാളുകളിലും പുകയില ഉല്‍പന്നങ്ങളുടെ വില്‍പന വിലക്കുന്ന കാര്യം വ്യക്തമാക്കുന്നത്. ബഖാലകള്‍ക്കും മിനിമാര്‍ക്കറ്റുകള്‍ക്കും സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ക്കും ബാധകമാക്കാനുദ്ദേശിക്കുന്ന പുതിയ കരടു വ്യവസ്ഥകള്‍ പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ക്കായി പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമില്‍ മന്ത്രാലയം പരസ്യപ്പെടുത്തി.

പുകയില ഉല്‍പന്നങ്ങള്‍ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ക്ക് നിരക്കുന്നവയാകണം. പുകയില ഉല്‍പന്നങ്ങള്‍ ഉപയോക്താക്കള്‍ക്ക് ഒരിക്കലും കാണാന്‍ കഴിയാത്ത നിലക്ക് അടച്ച ഡ്രോയറുകളില്‍ സൂക്ഷിക്കണമെന്നും വ്യവസ്ഥയുണ്ട്. പതിനെട്ടില്‍ കുറവ് പ്രായമുള്ളവര്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനും വിലക്കുണ്ട്.
പതിനെട്ട് വയസ് തികഞ്ഞത് സ്ഥിരീകരിക്കുന്ന തെളിവ് ഹാജരാക്കാന്‍ ഉപയോക്താവിനോട് സെയില്‍സ്മാന്‍ ആവശ്യപ്പെടലും നിര്‍ബന്ധമാണ്. പുകയില ഉല്‍പന്നങ്ങളുടെ പരസ്യത്തിനും പ്രചാരണത്തിനും വിലക്കുണ്ട്. സ്ഥാപനത്തിനകത്ത് ജീവനക്കാരും ഉപയോക്താക്കളും പുകവലിക്കുന്നതിനും നിരോധനമുണ്ട്. പുകയില ഉല്‍പന്നങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡ് ക്യാഷ് കൗണ്ടറിനു മുകളില്‍ വ്യക്തമായി കാണുന്ന തരത്തിൽ സ്ഥാപിക്കണം.