ജിദ്ദ : ആഭ്യന്തര ഹജ് സര്‍വീസ് കമ്പനികളുടെ ഹജ് പാക്കേജ് നിരക്കുകള്‍ മൂന്നു ഗഡുക്കളായി അടക്കാന്‍ ഹജ് തീര്‍ഥാടകര്‍ക്ക് ഹജ്, ഉംറ മന്ത്രാലയം അവസരമൊരുക്കി. ഹജ് ബുക്കിംഗ് നടത്തി 72 മണിക്കൂറിനകം പാക്കേജ് നിരക്കിന്റെ 20 ശതമാനം ആദ്യ ഗഡുവായി അടക്കണം. രണ്ടാം ഗഡുവായ 40 ശതമാനം റമദാന്‍ 20 വരെ അടക്കാവുന്നതാണ്. മൂന്നാം ഗഡുവായ 40 ശതമാനം തുക ശവ്വാല്‍ 20 വരെയും അടക്കാവുന്നതാണ്. ഓരോ ഗഡു അടക്കുമ്പോഴും പ്രത്യേക ഇന്‍വോയ്‌സ് നല്‍കും. മൂന്നാമത്തെ പെയ്‌മെന്റ് പൂര്‍ത്തിയാകുന്നതു വരെ ബുക്കിംഗ് സ്റ്റാറ്റസ് ‘അണ്‍കണ്‍ഫേംഡ്’ ആയി തുടരും.

പാക്കേജ് നിരക്ക് മുഴുവന്‍ ഒറ്റയടിക്ക് അടക്കാനും സാധിക്കും. ഹജിന് ബുക്ക് ചെയ്യാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 15 വയസ് ആണ്. പ്രായം ഹിജ്‌റ കലണ്ടറിലാണ് കണക്കാക്കുക. കൂടിയ പ്രായത്തിന് പരിധിയില്ല. ഗള്‍ഫ് പൗരന്മാര്‍ക്കും വിസിറ്റ് വിസകളില്‍ സൗദിയിലെത്തുന്ന വിദേശികള്‍ക്കും ആഭ്യന്തര ഹജ് തീര്‍ഥാടകരുടെ രജിസ്‌ട്രേഷനുള്ള പ്ലാറ്റ്‌ഫോം വഴി ഹജിന് ബുക്ക് ചെയ്യാന്‍ കഴിയില്ല. തിരിച്ചറിയല്‍ കാര്‍ഡുള്ള സൗദി പൗരന്മാര്‍ക്കും നിയമാനുസൃത ഇഖാമയുള്ള വിദേശികള്‍ക്കും മാത്രമായി ഈ പ്ലാറ്റ്‌ഫോം വഴിയുള്ള ഹജ് ബുക്കിംഗ് പരിമിതപ്പെടുത്തിയിട്ടുണ്ട്.
മുമ്പ് ഹജ് കര്‍മം നിര്‍വഹിക്കാത്തവര്‍ക്ക് ഹജ് രജിസ്‌ട്രേഷനില്‍ മുന്‍ഗണന ലഭിക്കും. സ്ത്രീകളെ അനുഗമിക്കുന്ന അടുത്ത ബന്ധുക്കളെ (മഹ്‌റം) ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുട്ടികളെ ഒപ്പം കൂട്ടാന്‍ തീര്‍ഥാടകരെ അനുവദിക്കില്ല. മെനിഞ്ചൈറ്റിസ്, സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിനുകള്‍ ആഭ്യന്തര തീര്‍ഥാടകര്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.