ഫലസ്തീൻ വിഷയത്തിൽ ഇസ്രായേൽ പ്രധാനന്ത്രി നെതന്യാഹുവിന്റെ പ്രസ്താവനയെ ശക്തമായ ഭാഷയിൽ അപലപിച്ച് സൗദി അറേബ്യ.
പലസ്തീനികളെ പുറത്താക്കാനുള്ള ഏതൊരു ശ്രമവും അംഗീകരിക്കാനാവില്ലെന്ന് ഊന്നിപ്പറഞ്ഞ സൗദി വിദേശകാര്യ മന്ത്രാലയം, പലസ്തീൻ ജനതയ്ക്ക് ഫലസ്തീൻ മണ്ണുമായുള്ള അവരുടെ വൈകാരികവും ചരിത്രപരവും നിയമപരവുമായ ബന്ധം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ഈ തീവ്രവാദ അധിനിവേശ മാനസികാവസ്ഥയ്ക്ക് മനസ്സിലാകുന്നില്ലെന്നും ചൂണ്ടിക്കാട്ടി.

ഗാസയിലെ നമ്മുടെ പലസ്തീൻ സഹോദരന്മാർക്കെതിരെ ഇസ്രായേൽ അധിനിവേശം നടത്തിയ തുടർച്ചയായ കുറ്റകൃത്യങ്ങളിൽ നിന്നും, വംശീയ ഉന്മൂലനത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം പ്രസ്താവനകളെ രാജ്യം പൂർണ്ണമായും നിരസിക്കുന്നതായും സൗദി പ്രസ്താവിച്ചു.
സൗദി അറേബ്യക്ക് അവരുടെ ഭൂമിയിൽ ഒരു ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാമെന്ന നെതന്യാഹുവിന്റെ ഒരു ചാനൽ ഇന്റർവ്യൂവിലെ പരാമർശം സൗദിയുടെയും മറ്റു രാജ്യങ്ങളുടെയും ശക്തമായ വിമർശനത്തിനു കാരണമാകുകയായിരുന്നു.