കുവൈത്ത് സിറ്റി – കഴിഞ്ഞ വര്‍ഷാവസാനത്തെ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം കുവൈത്തില്‍ പത്തു ലക്ഷത്തിലേറെ ഇന്ത്യക്കാരുള്ളതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. ഡിസംബര്‍ 31 ലെ കണക്കുകള്‍ പ്രകാരം കുവൈത്തില്‍ 10,00,726 ഇന്ത്യക്കാരാണുള്ളത്. കുവൈത്തില്‍ ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 0.7 ശതമാനം കൂടി വര്‍ധിച്ചു. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്.
കുവൈത്തിലെ ജനസംഖ്യയില്‍ ഏറ്റവും വലിയ സമൂഹം സ്വദേശികളാണ്. സ്വദേശികളുടെ ജനസംഖ്യ കഴിഞ്ഞ വര്‍ഷാവസാനത്തോടെ 15,67,983 ആയി ഉയര്‍ന്നു. കുവൈത്തികളുടെ എണ്ണത്തില്‍ 21,775 പേരുടെ വര്‍ധന കഴിഞ്ഞ വര്‍ഷമുണ്ടായി. സ്വദേശികളുടെ എണ്ണത്തില്‍ 1.3 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. രണ്ടാം സ്ഥാനത്തള്ള പ്രവാസി സമൂഹം ഈജിപ്തുകാരാണ്. 6,57,280 ഈജിപ്തുകാരാണ് കുവൈത്തിലുള്ളത്. 2023 അവസാനത്തില്‍ കുവൈത്തിലെ ഈജിപ്തുകാര്‍ 6,44,042 ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഈജിപ്തുകാരുടെ എണ്ണം രണ്ടു ശതമാനം വര്‍ധിച്ചു.

മൂന്നാം സ്ഥാനത്തുള്ള പ്രവാസി സമൂഹം ബംഗ്ലാദേശുകാരാണ്. ബംഗ്ലാദേശുകാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം ആറു ശതമാനം തോതില്‍ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 2,92,810 ബംഗ്ലാദേശുകാരുണ്ട്. 2023 ല്‍ ബംഗ്ലാദേശുകാര്‍ 2,74,974 ആയിരുന്നു. നാലാം സ്ഥാനത്ത് ഫിലിപ്പിനോകളാണ്. 2,23,482 ഫിലിപ്പിനോകളാണ് കുവൈത്തിലുള്ളത്. 2023 ല്‍ ഫിലിപ്പിനോകള്‍ 2,67,259 ആയിരുന്നു. ഫിലിപ്പിനോകളുടെ എണ്ണം ഒരു വര്‍ഷത്തിനിടെ 16.3 ശതമാനം കുറഞ്ഞു.
അഞ്ചാം സ്ഥാനത്തുള്ള സിറിയക്കാരുടെ എണ്ണം 11.8 ശതമാനം തോതില്‍ വര്‍ധിച്ച് 1,83,103 ആയി. 2023 ല്‍ സിറിയക്കാര്‍ 1,61,439 ആയിരുന്നു. ആറാം സ്ഥാനത്ത് ശ്രീലങ്കക്കാരാണ്. ശ്രീലങ്കക്കാരുടെ എണ്ണം 1,45,633 ല്‍ നിന്ന് 1,70,251 ആയി ഉയര്‍ന്നു. ശ്രീലങ്കക്കാരുടെ എണ്ണം 14.4 ശതമാനം തോതില്‍ വര്‍ധിച്ചു. ഏഴാം സ്ഥാനത്ത് സൗദികളാണ്. കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം കുവൈത്തില്‍ 1,42,760 സൗദികളുണ്ട്. 2023 ല്‍ സൗദികള്‍ 1,39,481 ആയിരുന്നു. സൗദികളുടെ എണ്ണത്തില്‍ 2.3 ശതമാനം വളര്‍ച്ചയുണ്ടായി.
എട്ടാം സ്ഥാനത്ത് നേപ്പാളികളാണ്. നേപ്പാളികളുടെ എണ്ണം 1,07,489 ല്‍ നിന്ന് 1,40,441 ആയി ഉയര്‍ന്നു. നേപ്പാളികളുടെ എണ്ണം 23.4 ശതമാനം തോതില്‍ വര്‍ധിച്ചു. ഒമ്പതാം സ്ഥാനത്തുള്ള പാക്കിസ്ഥാനികളുടെ എണ്ണം മൂന്നു ശതമാനം തോതില്‍ വര്‍ധിച്ച് 94,749 ആയി. 2023 അവസാനത്തില്‍ കുവൈത്തില്‍ 91,058 പാക്കിസ്ഥാനികളാണുണ്ടായിരുന്നതെന്നും പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.