റിയാദ്- ഹിജ്റ 1446 ലെ ഹജ് (2025) സീസണിൽ ഹജ് ചെയ്യാൻ ലക്ഷ്യമിടുന്ന ആഭ്യന്തര ഹജ് തീർത്ഥാടകർക്കുള്ള ഹജ് നടപടിക്രമങ്ങൾക്ക് തുടക്കമായി. രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും വേണ്ടിയുള്ള ഹജ് അപേക്ഷകൾ രജിസ്റ്റർ ചെയ്യുന്നതിനായുള്ള നടപടികൾ ആരംഭിച്ചതായി ഹജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു.

നുസുക് ആപ്ലിക്കേഷൻ വഴിയാണ് രജിസ്ട്രേഷൻ. ആരോഗ്യ ഡാറ്റ പൂരിപ്പിക്കാനും, സഹയാത്രികരെ ചേർക്കാനും, ആവശ്യമെങ്കിൽ മഹ്‌റം ഒഴിവാക്കുന്നതിനുള്ള അഭ്യർത്ഥന സമർപ്പിക്കാനുമുള്ള അവസരമാണ് നിലവിൽ നൽകിയിരിക്കുന്നത്. പാക്കേജുകൾ ബുക്കിംഗിനായി ലഭ്യമായാലുടൻ അറിയിപ്പ് നൽകുമെന്നും, മുമ്പ് ഹജ് ചെയ്തിട്ടില്ലാത്തവർക്ക് മുൻഗണന നൽകുന്നുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.