റിയാദ്- സൗദി അറേബ്യയില്‍ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഈജിപ്ത്, ജോര്‍ദാന്‍, സുഡാന്‍ തുടങ്ങിയ പത്തിലധികം രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് സന്ദര്‍ശന വിസകളില്‍ നിയന്ത്രണമേര്‍പ്പെടുത്തി. ഇതുവരെയുണ്ടായിരുന്ന മള്‍ട്ടിപ്ള്‍ എന്‍ട്രി വിസിറ്റ് വിസകളാണ് നിര്‍ത്തലാക്കിയത്. എന്നാല്‍ സിംഗിള്‍ എന്‍ട്രി വിസകള്‍ക്ക് നിയന്ത്രണമില്ല. അതേസമയം നേരത്തെ മള്‍ട്ടിപ്ള്‍ വിസയെടുത്തവര്‍ക്ക് കേരളത്തിലെ വിഎഫ്എസുകളില്‍ നിന്ന് സ്റ്റാമ്പ് ചെയ്തുകൊടുക്കുന്നുണ്ട്.

മുന്നു മാസത്തേക്ക് സൗദിയില്‍ താമസിക്കാവുന്ന ഒരു വര്‍ഷം കാലാവധിയുള്ള ഫാമിലി വിസിറ്റ്, ബിസിനസ് വിസിറ്റ് എന്നിവയാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയത്. ഇത് നിര്‍ത്തലാക്കിയതിനുള്ള കാരണം സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ മുപ്പത് ദിവസം താമസിക്കാവുന്ന മൂന്നു മാസം കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി വിസകള്‍ക്ക് തടസ്സമില്ല. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് വിസകളിലെ നിയന്ത്രണം നടപ്പായത്. എന്നാല്‍ അതിന് മുമ്പ് ലഭിച്ച മള്‍ട്ടിപ്ള്‍ എന്‍ട്രി വിസകള്‍ സ്റ്റാമ്പ് ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് അതത് രാജ്യങ്ങളിലെ സൗദി കോണ്‍സുലേറ്റുകളാണ്.
ഈ രാജ്യങ്ങള്‍ക്ക് മള്‍ട്ടിപ്ള്‍ എന്‍ട്രി ബിസിനസ് വിസിറ്റും എടുത്തുകളഞ്ഞിട്ടുണ്ട്. നിലവില്‍ സൗദിയില്‍ തുടരുന്ന മള്‍ട്ടിപ്ള്‍ എന്‍ട്രി വിസക്കാര്‍ക്ക് അത് പുതുക്കുന്നതിന് തടസ്സമില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. പുതിയ നിയമപ്രകാരം സിംഗിള്‍ എന്‍ട്രി വിസകളെടുക്കുന്നവര്‍ക്ക് ഒരോ 30 ദിവസവും 100 റിയാല്‍ ഫീ അടച്ച് പുതുക്കേണ്ടിവരും. ഇങ്ങനെ രണ്ടു പ്രാവശ്യം പുതുക്കാവുന്നതാണ്. മൊത്തം 90 ദിവസം മാത്രമേ സൗദിയില്‍ താമസിക്കാവൂ. പിന്നീട് പുതിയ വിസയടിച്ചുവരേണ്ടിവരും. സിംഗിള്‍ എന്‍ട്രി വിസയിലെത്തിയ ശേഷം കാലാവധിക്ക് മുമ്പ് സൗദിക്ക് പുറത്തുപോയാലും പുതിയ വിസ എടുക്കേണ്ടിവരും.