ജിദ്ദ: സൗദിയില്‍ സ്‌കൂട്ടറുകള്‍ ഓടിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം പതിനേഴ് വയസ് ആയി മുനിസിപ്പല്‍, പാര്‍പ്പിടകാര്യ മന്ത്രാലയം നിര്‍ണയിച്ചു. സ്‌കൂട്ടറുകളും സൈക്കിളുകളും വാടകക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പരിഷ്‌കരിച്ച കൂട്ടത്തിലാണ് സ്‌കൂട്ടര്‍ യാത്രക്കാരുടെ പ്രായം പതിനേഴ് വയസ് ആയി മന്ത്രാലയം നിര്‍ണയിച്ചത്. സാറ്റലൈറ്റ് മാപ്പുകള്‍ വഴി പ്രോഗ്രാം ചെയ്തുകൊണ്ട് സ്‌കൂട്ടറുകളുടെ സഞ്ചാരം പ്രത്യേകം നിശ്ചയിച്ച ട്രാക്കുകളിലൂടെയും കവലകളിലൂടെയും പരിമിതപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്.

മെയിന്‍ റോഡുകളിലും പ്രത്യേകം നിശ്ചയിച്ചതല്ലാത്ത ട്രാക്കുകളിലും സൈക്കിളുകളും സ്‌കൂട്ടറുകളും ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. പ്രത്യേകം നിശ്ചയിച്ച ട്രാക്കുകളിലും ചത്വരങ്ങളിലും സ്‌കൂട്ടറുകളും സൈക്കിളുകളും ഓടിക്കുന്നവര്‍ റിഫ്ളക്ടറുള്ള ഹെല്‍മെറ്റും അനുയോജ്യമായ വസ്ത്രങ്ങളും പാദരക്ഷകളും ധരിക്കല്‍ നിര്‍ബന്ധമാണ്. സൈക്കിളുകളും സ്‌കൂട്ടറുകളും ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണും ഇയര്‍ ഫോണുകളും ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.
സ്‌കൂട്ടറുകള്‍ ഓടിക്കുമ്പോള്‍ ഭക്ഷണ, പാനീയങ്ങള്‍ ഉപയോഗിക്കുന്നതിനും ചരക്ക് നീക്കം പോലെ ഭാരം കൂടിയ വസ്തുക്കള്‍ കൊണ്ടുപോകുന്നതിനും വിലക്കുണ്ട്. ഉപയോഗം കഴിഞ്ഞാല്‍ പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങളില്‍ സ്‌കൂട്ടറുകളും സൈക്കിളുകളും നിര്‍ത്തണം. ഇവ ട്രാഫിക് സിഗ്‌നലുകളിലും വിളക്കുകാലുകളിലും കെട്ടിയിടുന്നതിന് വിലക്കുണ്ട്.സൈക്കിളുകളും സ്‌കൂട്ടറുകളും വാടകക്ക് നല്‍കുന്നവര്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനു മുമ്പായി ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ലൈസന്‍സ് നേടല്‍ നിര്‍ബന്ധമാണ്.
വാടകക്ക് നല്‍കുന്ന സൈക്കിളുകളും സ്‌കൂട്ടറുകളും സ്ഥാപനത്തിന്റെ പരിധിക്കു പുറത്തും പബ്ലിക് ഫുട്പാത്തുകളിലും പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. പ്രവേശന, എക്സിറ്റ് വഴികളും പ്രവൃത്തി സമയവും ഇ-പെയ്മെന്റ് രീതികളും ക്യു.ആര്‍ കോഡും സര്‍ക്കാര്‍ വകുപ്പുകളുടെ നിര്‍ദേശങ്ങളും അടങ്ങിയതല്ലാത്ത മറ്റു സ്റ്റിക്കറുകളും പോസ്റ്ററുകളും സ്ഥാപനത്തിന്റെ മുന്‍വശത്ത് പതിക്കുന്നതിനും വിലക്കുണ്ട്. സ്ഥാപനങ്ങളില്‍ ഫസ്റ്റ് എയിഡ് ബോക്സുകളും ഉണ്ടായിരിക്കണം.
വാടകക്ക് നല്‍കുന്ന സ്‌കൂട്ടറുകളില്‍ നിത്യേന അറ്റകുറ്റപ്പണികള്‍ നടത്തിയിരിക്കണം. സൈക്കിളുകളും ബൈക്കുകളും വാടകക്ക് നല്‍കുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അവയുടെ വില്‍പന മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനും വിലക്കുണ്ട്. ഓരോ തവണ ഉപയോഗിച്ച ശേഷവും ഹെല്‍മെറ്റുകള്‍ അണുവിമുക്തമാക്കണമെന്നും സ്‌കൂട്ടറുകള്‍ ചാര്‍ജ് ചെയ്യാന്‍ സുരക്ഷിത പ്രദേശം സജ്ജീകരിക്കണമെന്നും സ്‌കൂട്ടറുകളും സൈക്കിളുകളും വാടകക്ക് നല്‍കുന്ന സ്ഥലം സ്ഥിരമായി വൃത്തിയോടെ സൂക്ഷിക്കണമെന്നും വ്യവസ്ഥകളുണ്ട്.