റിയാദ്: ഫലസ്തീൻ ജനതയെ സ്വന്തം ഭൂമിയിൽ നിന്ന് മാറ്റാനുള്ള നീക്കത്തിനെതിരെ സൗദി അറേബ്യ. നീക്കത്തെ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് എതിർക്കണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഗസ്സക്കാരെ മറ്റൊരു രാജ്യത്തേക്ക് മാറ്റണമെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് സൗദിയുടെ പ്രതികരണം.

ഫലസ്തീൻ വിഷയത്തിൽ തീരുമാനമാകാതെ ഇസ്രായേലുമായി ബന്ധമുണ്ടാകില്ലെന്നും സൗദി വ്യക്തമാക്കി. ജെറുസലേം ആസ്ഥാനമാക്കിയുള്ള ഫലസ്തീൻ രാഷ്ട്രത്തിന് വഴിയൊരുങ്ങിയാൽ മാത്രമേ ഇസ്രായേലുമായി ബന്ധമുണ്ടാവുകയുള്ളൂ. ഈ നിലപാട് സുശക്തമാണെന്നും ഒത്തുതീർപ്പിനോ വിട്ടുവീഴ്ചക്കോ ഇല്ലെന്നും സൗദി വ്യക്തമാക്കി. സൗദി-ഇസ്രായേൽ ബന്ധം ഉടൻ ഉണ്ടാകുമെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സൗദിയുടെ മറുപടി.
ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനൊപ്പം കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഗസ്സ യുഎസ് പിടിച്ചെടുക്കുമെന്ന് ട്രംപ് പറഞ്ഞത്. ഇസ്രായേൽ ആക്രമണത്തിൽ ഗസ്സ വാസയോഗ്യമല്ലാതായി മാറിയെന്നും മേഖലയിൽ നിന്ന് ഫലസ്തീൻ ജനത ഒഴിഞ്ഞുപോകണമെന്നും ട്രംപ് പറഞ്ഞിരുന്നു.