കുവൈത്ത് സിറ്റി – ഷോപ്പിംഗ് മാളുകള്‍, വിവാഹ ഓഡിറ്റോറിയങ്ങള്‍, സഹകരണ സൊസൈറ്റികള്‍, സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍, സാമൂഹിക പരിപാടികള്‍, ഖബര്‍സ്ഥാനുകള്‍, അനുശോചന ചടങ്ങുകള്‍ എന്നിവിടങ്ങളില്‍ യൂനിഫോമില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പ്രവേശിക്കുന്നത് വിലക്കി കുവൈത്ത്

ആഭ്യന്തര മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കി. ഇത്തരം സ്ഥലങ്ങളില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തുന്ന പോലീസുകാര്‍ ഒഴികെ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സര്‍ക്കുലര്‍ മുന്നറിയിപ്പ് നല്‍കി.
വിവാഹങ്ങള്‍, മയ്യിത്ത് സംസ്‌കാര ചടങ്ങുകള്‍ പോലെയുള്ള അവസരങ്ങളില്‍ പോലീസ് സേനയിലെ ചില അംഗങ്ങള്‍ ഔദ്യോഗിക യൂനിഫോമില്‍ പങ്കെടുക്കുന്നത് അടുത്തിടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ സാലിം അല്‍സ്വബാഹ് പറഞ്ഞു. ഇത് പോലീസ് സേനാ സംവിധാനത്തെ കുറിച്ച 1968 ലെ 23-ാം നമ്പര്‍ നിയമത്തിലെ 15 -ാം വകുപ്പിന് വിരുദ്ധമാണ്. പോലീസ് സേനയിലെ ഒരു അംഗം തന്റെ സൈനിക അന്തസിന് വിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതും പ്രത്യക്ഷപ്പെടുന്നതും ഈ വകുപ്പ് വിലക്കുന്നു.
ഇത് ലംഘിക്കുന്നവരെ അന്വേഷണത്തിനും അച്ചടക്ക നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട വകുപ്പിന് റഫര്‍ ചെയ്യും. അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിമാര്‍, ഡയറക്ടര്‍ ജനറലുമാര്‍, ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ മറ്റു വകുപ്പുകളുടെ ഡയറക്ടര്‍മാര്‍ തുടങ്ങി ബന്ധപ്പെട്ട എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഈ സര്‍ക്കുലറിനെ കുറിച്ച് അറിഞ്ഞിരിക്കണമെന്നും അത് കൃത്യതയോടെ നടപ്പാക്കാന്‍ പ്രവര്‍ത്തിക്കണമെന്നും ലെഫ്. ജനറല്‍ സാലിം അല്‍സ്വബാഹ് ആവശ്യപ്പെട്ടു.