ദുബായ് – ഡിസംബര്‍ 31 ന് പൊതുമാപ്പ് അവസാനിച്ചതോടെ യു.എ.ഇയിലുടനീളം ഒരു മാസത്തിനിടെ നടത്തിയ പരിശോധനകളില്‍ ആറായിരത്തോളം നിയമലംഘകരെ അറസ്റ്റ് ചെയ്തതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട്‌സ് സെക്യൂരിറ്റി (ഐ.സി.പി) അറിയിച്ചു. രാജ്യമെങ്ങും നടത്തിയ 270 പരിശോധനാ കാമ്പെയ്നുകളിലാണ് ഇത്രയും പേര്‍ അറസ്റ്റിലായതെന്ന് ഐ.സി.പി ഡയറക്ടര്‍ ജനറല്‍, മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ഖൈലി പത്രസമ്മേളനത്തില്‍ പറഞ്ഞു. യു.എ.ഇയില്‍ താമസിക്കുന്നവരും രാജ്യം സന്ദര്‍ശിക്കുന്നവരുമായ എല്ലാവരും നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നും ശക്തമാക്കും. യു.എ.ഇയുടെ സാമൂഹികവും സാമ്പത്തികവുമായ സ്ഥിരത സംരക്ഷിക്കാനും എല്ലാവരും ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ പരിശോധകള്‍.
അറസ്റ്റിലായരില്‍ 93 ശതമാനത്തിന്റെയും നാടുകടത്തല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പദവി ശരിയാക്കാന്‍ അനുവദിച്ച നാലു മാസത്തെ പൊതുമാപ്പ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് നിയമ ലംഘകരെ പിടികൂടാന്‍ പരിശോധനകള്‍ ആരംഭിച്ചത്. 2024 സെപ്റ്റംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ നീണ്ടുനിന്ന പൊതുമാപ്പ് കാലയളവ്, നിയമ ലംഘകര്‍ക്ക് സ്വമേധയാ രാജ്യം വിടാനോ പുതിയ തൊഴില്‍ കരാര്‍ നേടി പദവി സ്ഥിരപ്പെടുത്താനോ അവസരം നല്‍കി. നിയമപാലനം പ്രോത്സാഹിപ്പിക്കാനും രാജ്യത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാനുമുള്ള ഐ.സി.എയുടെ വിശാലമായ തന്ത്രത്തിന്റെ ഭാഗമായിരുന്നു പൊതുമാപ്പ്.
രാജ്യത്ത് ജോലി ചെയ്യാനും താമസിക്കാനും ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും സുരക്ഷിതവും നിയമാനുസൃതവുമായ അന്തരീക്ഷം പ്രദാനം ചെയ്യാന്‍ യു.എ.ഇ ഭരണാധികാരികള്‍ പ്രതിജ്ഞാബദ്ധമാണ്. പ്രാദേശിക, ആഗോള സാഹചര്യങ്ങളില്‍ രാജ്യത്തിന്റെ തുടര്‍ച്ചയായ പുരോഗതിയെ പിന്തുണക്കുന്നതിലൂടെ, നിയമം പാലിക്കുകയും മനുഷ്യാവകാശങ്ങള്‍ മാനിക്കുകയും ചെയ്യുന്ന ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കാനുള്ള ദീര്‍ഘകാല തന്ത്രത്തിന്റെ ഭാഗമാണ് നിയമ ലംഘകരെ പിടികൂടാനുള്ള പരിശോധനകള്‍. നിയമ ലംഘനങ്ങളില്‍ നിന്ന് ഉണ്ടാകുന്ന സാമൂഹിക, സാമ്പത്തിക, സുരക്ഷാ വെല്ലുവിളികളെ നിയമ നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ അഭിസംബോധന ചെയ്യുന്നു. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുമായി ഏകോപിച്ചാണ് പരിശോധനാ കാമ്പെയ്നുകള്‍ നടത്തിയത്. നിയമ ലംഘകരുടെ ഏറ്റവും ഉയര്‍ന്ന സാന്ദ്രതയുള്ള സ്ഥലങ്ങള്‍ ലക്ഷ്യമിട്ടാണ് പരിശോധനകള്‍ ആസൂത്രണം ചെയ്തത്. നിയമ ലംഘകര്‍ക്കും, നിയമവിരുദ്ധമായി അവര്‍ക്ക് താമസ സൗകര്യവും ജോലിയും നല്‍കിയതിനും കുറ്റക്കാരാണെന്ന് കണ്ടെത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിഴകള്‍ ചുമത്തിയതായി മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ഖൈലി പറഞ്ഞു.
നിയമ ലംഘനം നടത്താന്‍ വിദേശിയെ സഹായിക്കുന്ന ഏതൊരാള്‍ക്കും തടവും 10,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ശിക്ഷ ലഭിക്കും. നിയമ ലംഘകനെ ജോലിക്കു വെക്കുന്നതിന് 50,000 ദിര്‍ഹം പിഴ ചുമത്തും. സ്വന്തം സ്‌പോണ്‍സര്‍ക്കു കീഴിലല്ലാതെ ജോലി ചെയ്ത് പിടിക്കപ്പെടുന്ന നിയമ ലംഘകനെതിരായ കേസ് കോടതിക്ക് കൈമാറും. ഇത്തരക്കാര്‍ക്ക് തടവും നാടുകടത്തലും യു.എ.ഇയില്‍ പ്രവേശന വിലക്കും കോടതി വിധിക്കും.
