റിയാദ് – സൗദിയിലെ മുഴുവന്‍ അംഗീകൃത എയര്‍ കാര്‍ഗോ ഏജന്‍സികളുമായും ബന്ധിപ്പിച്ച, അവയുടെ നടപടിക്രമങ്ങള്‍ നിരീക്ഷിക്കുന്ന, എയര്‍ കാര്‍ഗോ സെക്യൂരിറ്റി കണ്‍ട്രോള്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. റിയാദില്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ആസ്ഥാനത്ത് സ്ഥാപിച്ച സെന്റര്‍ അതോറിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുവൈലിജ് ഉദ്ഘാടനം ചെയ്തു. വിദൂര (ഡിസ്റ്റന്‍സ്) രീതിയില്‍ പരിശോധനക്കും നിരീക്ഷണത്തിനുമുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് എയര്‍ കാര്‍ഗോ വിതരണ ശൃംഖലകളുടെ സുരക്ഷ വര്‍ധിപ്പിക്കാനാണ് സെന്ററിന്റെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. ആഗോള തലത്തില്‍ ഇത്തരത്തില്‍ പെട്ട സവിശേഷ സെന്ററാണ് റിയാദിലെത്.
സുരക്ഷാ നിയന്ത്രണ സംവിധാനം വികസിപ്പിക്കാനും നടപടിക്രമങ്ങള്‍ ഓട്ടോമേറ്റ് ചെയ്യാനും ത്വരിതപ്പെടുത്താനുമുള്ള അതോറിറ്റിയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ കേന്ദ്രം ആരംഭിക്കുന്നത്. ഏറ്റവും പുതിയ ആഗോള സാങ്കേതികവിദ്യകള്‍ക്ക് അനുസൃതമായി, എയര്‍ കാര്‍ഗോ അളവ് വര്‍ധിപ്പിച്ചും ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷയും പ്രവര്‍ത്തന കാര്യക്ഷമതയും ഉറപ്പാക്കിയും വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സെന്റര്‍ സഹായിക്കും.

എയര്‍ കാര്‍ഗോ സുരക്ഷയുമായി ബന്ധപ്പെട്ട മുഴുവന്‍ പങ്കാളികളെയും ഒരു മേല്‍ക്കൂരക്ക് കീഴില്‍ ഒരുമിച്ച് കൊണ്ടുവരുന്ന ഏകീകൃത പ്ലാറ്റ്ഫോമാണ് പുതിയ സെന്റര്‍. ഇത് തീരുമാനമെടുക്കല്‍ ത്വരിതപ്പെടുത്താനും വിതരണ ശൃംഖലകളിലെ സുരക്ഷാ നടപടിക്രമങ്ങളുടെ കൃത്യത വര്‍ധിപ്പിക്കാനും കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ കയറ്റുമതി നീക്കത്തില്‍ ഉയര്‍ന്ന തലത്തിലുള്ള വഴക്കം കൈവരിക്കാനും സഹായിക്കുന്നു.
എയര്‍ കാര്‍ഗോ സേവനങ്ങള്‍ക്കുള്ള ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ വശ്ജ് പ്ലാറ്റ്ഫോമിന് പുതിയ സെന്റര്‍ സാങ്കേതിക പിന്തുണ നല്‍കുകയും ബന്ധപ്പെട്ട കക്ഷികള്‍ക്കിടയില്‍ നേരിട്ടുള്ള ഏകോപനം ഉറപ്പാക്കുകയും ചെയ്യുന്നു. കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ദേശീയ കയറ്റുമതിയെ പിന്തുണക്കാനും ദേശീയ ഉല്‍പന്നങ്ങളുടെ ആഗോള മത്സരശേഷി വര്‍ധിപ്പിക്കാനും എയര്‍ കാര്‍ഗോ അനുഭവം മെച്ചപ്പെടുത്താനും കമ്പനികള്‍ക്കും ഓപ്പറേറ്റിംഗ് സ്ഥാപനങ്ങള്‍ക്കും ലോജിസ്റ്റിക്കല്‍ നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്താനും സെന്റര്‍ സഹായിക്കും.
ഇരുപത്തിനാലു മണിക്കൂറും കേന്ദ്രീകൃത നിരീക്ഷണം അനുവദിക്കുന്ന ഡിസ്റ്റന്‍സ് പരിശോധനാ സംവിധാനത്തെയാണ് സെന്റര്‍ അവലംബിക്കുന്നത്. സൗദിയിലെ നാലു പ്രധാന പ്രവിശ്യകളിലായി വ്യാപിച്ചുകിടക്കുന്ന 40 അംഗീകൃത കാര്‍ഗോ ഏജന്‍സികള്‍ വഴി എയര്‍ കാര്‍ഗോ വിതരണ ശൃംഖലകളുടെ സുരക്ഷക്ക് മേല്‍നോട്ടം വഹിക്കുന്ന സെന്ററിനെ എയര്‍ പോര്‍ട്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, ഏജന്‍സികളില്‍ സ്വീകരിക്കുന്നത് മുതല്‍ വിമാനത്താവളത്തില്‍ എത്തുന്നത് വരെയുള്ള കാര്‍ഗോയുടെ നീക്കം ട്രാക്ക് ചെയ്യുന്നതിന് അഡ്വാന്‍സ്ഡ് റിസ്‌ക് അനാലിസിസ് തുടങ്ങിയ നിരവധി സാങ്കേതികവിദ്യകള്‍ സെന്റര്‍ ഉപയോഗിക്കുന്നു. ഇത് ലോജിസ്റ്റിക് പ്രവര്‍ത്തനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നു. വിവിധ സുരക്ഷാ വകുപ്പുകളില്‍ നിന്ന് പരിശീലനം ലഭിച്ച സൗദി ജീവനക്കാരുടെ ഒരു സംഘം കേന്ദ്രത്തില്‍ സേവനമനുഷ്ഠിക്കുന്നു. ഉയര്‍ന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഷിപ്പിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വശ്ജ് പ്ലാറ്റ്ഫോം വഴി ഷിപ്പിംഗ് ഡാറ്റ സ്വീകരിച്ചും ഷിപ്പിംഗ് ഏജന്‍സികളിലെ എക്‌സ്-റേ പരിശോധനാ സംവിധാനങ്ങളും നിരീക്ഷണ ക്യാമറകളും നിരീക്ഷിച്ചും വാഹന ട്രാക്കിംഗ് ഉപകരണങ്ങളുടെ ഫോളോ അപ്പ് നടത്തിയും അവര്‍ ഇരുപത്തിനാലു മണിക്കൂറും കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു.
സേവനങ്ങളുടെ കാര്യക്ഷമത ഉയര്‍ത്തല്‍, നടപടിക്രമങ്ങള്‍ ലഘൂകരിക്കല്‍, മികച്ച അന്താരാഷ്ട്ര രീതികള്‍ക്കനുസൃതമായി സുരക്ഷിതമായി വിവര കൈമാറ്റം ഉറപ്പാക്കല്‍ എന്നീ ലക്ഷ്യങ്ങളോടെ, സമഗ്രമായ ഡിജിറ്റല്‍ പരിവര്‍ത്തന പദ്ധതിയിലൂടെ വ്യോമഗതാഗത മേഖലയില്‍ നടപടിക്രമങ്ങള്‍ സുഗമമാക്കാനും ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രവര്‍ത്തിക്കുന്നു. ശേഷി വര്‍ധിപ്പിച്ചും ലോജിസ്റ്റിക്‌സ് പ്രവര്‍ത്തന അന്തരീക്ഷം മെച്ചപ്പെടുത്തിയും, കാര്യക്ഷമതയും വേഗതയും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രൊഫഷണല്‍ സേവനങ്ങള്‍ നല്‍കിയും എയര്‍ കാര്‍ഗോ മേഖല വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ തുടരുന്നു.