റിയാദ് : കഴിഞ്ഞ ദിവസം മുതൽ സൗദി വിദേശകാര്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് വഴി മൾട്ടിപ്പിൽ എൻട്രി ഫാമിലി വിസിറ്റ് വിസക്ക് അപേക്ഷ നൽകാൻ ശ്രമിക്കുമ്പോൾ പ്രസ്തുത ഓപ്ഷൻ ലഭ്യമല്ലാത്തത് സൗദി പ്രവാസികളെ നിരാശരാക്കുന്നു
നിലവിൽ സിംഗിൾ എൻട്രി വിസിറ്റ് വിസക്കുള്ള അപേക്ഷ മാത്രമാണ് നൽകാൻ സാധിക്കുന്നത് എന്നാണ് അനുഭവസ്ഥർ ഗൾഫ് മലയാളിയുമായി പങ്ക് വെച്ചത്.
ഓരോ വർഷവും ഹജ്ജിന് മുന്നോടിയായി ഇത്തരം നിയന്ത്രണങ്ങൾ വരാറുണ്ട്. ഹജ്ജ് സമയത്ത് പൂർണമായും നിർത്തുകയും പിന്നീട് പുനഃസ്ഥാപിക്കുക ചെയ്യാറുണ്ട്
നാട്ടിലെ വെക്കേഷൻ സമയത്ത് കുടുംബങ്ങളെ സൗദിയിലേക്ക് കൊണ്ട് വരാൻ ഉദ്ദേശിക്കുന്നവർക്ക് ആണ് പുതിയ തടസ്സം നിരാശ നൽകുന്നത്.
എന്നാൽ ഇത് സാങ്കേതിക പ്രശ്നമാണോ അതോ താൽക്കാലികമായി ഈ സേവനം നിറുത്തി വെച്ചതാണോ എന്നത് ഇനിയും വ്യക്തമായിട്ടില്ല. ഏതായാലും ഔദ്യോഗികമായി മൾട്ടി എൻട്രി ഫാമിലി വിസ നിറുത്തിവെക്കുന്നതായി യാതൊരു അറിയിപ്പും ഇത് വരെ വന്നിട്ടില്ല എന്നത് പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
അതേ സമയം ഇന്ത്യയുൾപ്പടെ 14 രാജ്യങ്ങളിലേക്ക് സൗദി മൾട്ടി എൻട്രി ഫാമിലി വിസ നിർത്തിയെന്ന പോസ്റ്റർ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഒരു ഔദ്യോഗിക പ്രഖ്യാപനവും ഇത് വരെ വന്നിട്ടില്ല എന്നതാണ് വസ്തുത.