ജിദ്ദ : സൗദിയില്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദേശീയവേഷം നിര്‍ബന്ധമാക്കി വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി. വിദ്യാഭ്യാസത്തിന്റെ മൂല്യങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടതിന്റെയും വിദ്യാര്‍ഥികളുടെ ദേശീയ ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെയും അനിവാര്യതയെ കുറിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ചാണ് സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗദി ദേശീയ വേഷം നിര്‍ബന്ധമാക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ സെക്കണ്ടറി സ്‌കൂളുകളില്‍ സൗദി വിദ്യാര്‍ഥികള്‍ തോബും ശിരോവസ്ത്രവും (ഗത്‌റയോ ശമാഗോ) ആണ് ധരിക്കേണ്ടത്. സര്‍ക്കാര്‍, സ്വകാര്യ സെക്കണ്ടറി സ്‌കൂളുകളിലെ വിദേശ വിദ്യാര്‍ഥികള്‍ക്ക് തോബ് മാത്രമാണ് നിര്‍ബന്ധം. വിദേശ, ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വര്‍ത്തമാന തലമുറയെയും ഭാവി തലമുറയെയും ആധികാരിക സൗദി സ്വത്വവുമായി ബന്ധിപ്പിക്കാനും അതില്‍ അഭിമാനിക്കുന്നവരായി അവരെ വളര്‍ത്താനുമുള്ള താല്‍പര്യത്തിന്റെ ഭാഗമായാണ് സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗദി ദേശിയ വേഷം നിര്‍ബന്ധമാക്കാന്‍ കിരീടാവകാശി നിര്‍ദേശിച്ചത്.
തത്വങ്ങളും മൂല്യങ്ങളും ഊട്ടിയുറപ്പിക്കല്‍, ദേശീയത ശക്തിപ്പെടുത്തല്‍, അതിന്റെ പ്രാധാന്യത്തെ കുറിച്ച അവബോധം വളര്‍ത്തല്‍, ലക്ഷ്യമിടുന്ന വിഭാഗങ്ങളില്‍ അതിന്റെ സ്വാധീനം പരമാവധിയാക്കല്‍ എന്നിവ ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിച്ച്, ഭരണാധികാരികളോടുള്ള കൂറും ദേശീയബന്ധവും വര്‍ധിപ്പിക്കുന്ന നിലക്ക് ഈ ദിശയില്‍ മുന്നേറാന്‍ വിദ്യാഭ്യാസ മന്ത്രാലയം ശ്രമിക്കുന്നു. വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള അവിഭാജ്യ ഘടകമായി ദേശീയ സ്വത്വത്തെ ഉയര്‍ത്തിക്കാട്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന സംരംഭങ്ങളില്‍ സ്വീകരിച്ച സമീപനത്തിന്റെ തുടര്‍ച്ചയുമാണിത്. ഏതൊരു സമൂഹത്തിന്റെയും ഐഡന്റിറ്റി രൂപപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിലൊന്നാണ് ദേശീയ വസ്ത്രം. സ്‌കൂളുകളില്‍ സൗദി ദേശീയ വസ്ത്രധാരണം അംഗീകരിക്കുന്നത് കുട്ടികള്‍ക്ക് അവരുടെ മാതൃരാജ്യവുമായുള്ള ബന്ധം ശക്തിപ്പെടുത്താനും അവരുടെ യഥാര്‍ഥ സൗദി ഐഡന്റിറ്റി ശക്തിപ്പെടുത്താനും സഹായിക്കുന്ന ഒരു ചുവടുവെപ്പാണ്.
സ്‌കൂള്‍ യൂണിഫോം ചട്ടങ്ങളും ഔദ്യോഗിക പ്രവൃത്തി സമയങ്ങളില്‍ വിദ്യാര്‍ഥികള്‍ വേഷവിധാന വ്യവസ്ഥകളും പാലിക്കുന്നത് വിദ്യാഭ്യാസ അന്തരീക്ഷത്തിന്റെ ഭാഗമാകുമെന്ന് മന്ത്രാലയം പറഞ്ഞു. ഈ തീരുമാനത്തോടൊപ്പം അധ്യയന ദിവസങ്ങളില്‍ സൗദി ദേശീയ വസ്ത്രം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ഭാവി തലമുറയുടെ ദേശീയ ഐഡന്റിറ്റി കെട്ടിപ്പടുക്കുന്നതില്‍ അതിന്റെ പങ്കിനെ കുറിച്ചുമുള്ള അവബോധം വര്‍ധിപ്പിക്കാന്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ലക്ഷ്യമിട്ട് ബോധവല്‍ക്കരണ കാമ്പെയ്നുകളും പരിപാടികളും നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു.
കിരീടാവകാശിയുടെ നിര്‍ദേശങ്ങള്‍ നമ്മുടെ സംസ്‌കാരവുമായുള്ള ബന്ധം വര്‍ധിപ്പിക്കുമെന്നും നമ്മുടെ പൈതൃകത്തിന്റെ ആധികാരികതയെ പിന്തുണക്കുമെന്നും വിഷന്‍ 2030 ലക്ഷ്യമിടുന്ന ദേശീയ സ്വത്വം പുതിയ തലമുറകളില്‍ വളര്‍ത്തുമെന്നും വിദ്യാഭ്യാസ മന്ത്രി യൂസുഫ് അല്‍ബുനയ്യാന്‍ പറഞ്ഞു. സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ സൗദി ദേശീയ വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിക്കണമെന്ന കിരീടാവകാശിയുടെ നിര്‍ദേശത്തില്‍ അഭിമാനിക്കുകയും അതിനെ വിലമതിക്കുകയും ചെയ്യുന്നതായി വിദ്യാഭ്യാസ മന്ത്രി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ് ലെ തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ പ്രസിദ്ധീകരിച്ച പോസ്റ്റില്‍ പറഞ്ഞു. സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദേശീയ വേഷം നിര്‍ബന്ധമാക്കുന്നത് നമ്മുടെ സംസ്‌കാരവുമായുള്ള ബന്ധം വര്‍ധിപ്പിക്കുകയും നമ്മുടെ പൈതൃകത്തിന്റെ ആധികാരികതയെ പിന്തുണക്കുകയും സൗദി വിഷന്‍ 2030 ആഗ്രഹിക്കുന്ന ദേശീയ സ്വത്വം പുതുതലമുറകളില്‍ വളര്‍ത്തുകയും ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സ്‌കൂളുകളിലെ ദേശീയ യൂണിഫോം വെറും വസ്ത്രമല്ല, മറിച്ച് രാജ്യം അതിന്റെ വേരുകള്‍ മറക്കാതെ വികസിച്ചുകൊണ്ടിരിക്കുന്നു എന്ന സന്ദേശമാണ് നല്‍കുന്നതെന്ന് മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരി എക്‌സ് പ്ലാറ്റ്‌ഫോമിലെ സന്ദേശത്തില്‍ പറഞ്ഞു.