GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ബലി മാംസം പ്രയോജനപ്പെടുത്താനുള്ള സൗദി അറേബ്യയുടെ പദ്ധതിയായ അദാഹി സേവനം 125 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ പദ്ധതി

ജിദ്ദ – ഹജ് കാലത്ത് ബലി മാംസം പ്രയോജനപ്പെടുത്താനുള്ള സൗദി അറേബ്യയുടെ പദ്ധതിയായ അദാഹി സേവനം 125 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ മക്ക റോയല്‍ കമ്മീഷനു കീഴിലെ അദാഹി പദ്ധതി മൂന്നു പങ്കാളിത്ത ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു. ബലി കൂപ്പണുകള്‍ വിപണനം ചെയ്യാനും വില്‍ക്കാനും നുസുക് പ്ലാറ്റ്‌ഫോമുമായാണ് കരാറുകളില്‍ ഒന്ന് ഒപ്പുവെച്ചത്. പദ്ധതി സേവനം സൗദി അറേബ്യയില്‍ എല്ലാ പ്രവിശ്യകളിലും എത്തിക്കാന്‍ ഗൈസ് ചാരിറ്റബിള്‍ സൊസൈറ്റിയുമായും ആഭ്യന്തര ഹജ് തീര്‍ഥാടകരില്‍ പദ്ധതി സേവനം എളുപ്പത്തില്‍ എത്തിക്കാന്‍ ആഭ്യന്തര ഹജ് സര്‍വീസ് കമ്പനി ഏകോപ സമിതിയുമായും അദാഹി ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു.


ലോകത്തെ 125 രാജ്യങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനും അദാഹി സേവനം പ്രയോജനപ്പെടുത്തല്‍ ലോക രാജ്യങ്ങളിലുള്ളവര്‍ക്ക് എളുപ്പമാക്കാനും സേവന നിലവാരം ഉയര്‍ത്താനും ബലി കൂപ്പണ്‍ വിപണനവും വില്‍പനയും കാര്യക്ഷമമാക്കാനും സൗദിയിലെ എല്ലാ പ്രവിശ്യകളിലും സേവനം എത്തിക്കല്‍ എളുപ്പമാക്കാനുമാണ് ധാരണാപത്രങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

ഹജ് തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നാണ് അദാഹി. മതപരവും ആരോഗ്യപരവുമായ വ്യവസ്ഥകള്‍ പാലിച്ച് ബലി കര്‍മം നിര്‍വഹിക്കല്‍ അദാഹി പദ്ധതി എളുപ്പമാക്കുന്നു. പദ്ധതി വഴി ബലിയറുക്കുന്ന ആടുമാടുകളുടെ ഇറച്ചി മക്കയിലും സൗദിയിലെ പ്രവിശ്യകളിലും ലോക രാജ്യങ്ങളിലും അര്‍ഹരായവര്‍ക്കിടയില്‍ വിതരണം ചെയ്യുകയാണ് പതിവ്.
ഹജ് ദിവസങ്ങളില്‍ തീര്‍ഥാടകര്‍ ബലിയറുക്കുന്ന ആടുമാടുകളുടെ ഇറച്ചി സംസ്‌കരിച്ച് സൗദിയിലും ലോക രാജ്യങ്ങളിലും നിര്‍ധനര്‍ക്കിടയില്‍ വിതരണം ചെയ്യുന്ന പദ്ധതിയായ അദാഹി 1983 ല്‍ ആണ് സൗദി അറേബ്യ ആരംഭിച്ചത്. പദ്ധതി നടത്തിപ്പ് ചുമതല ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്കിനാണ്.

ലക്ഷക്കണക്കിന് കന്നുകാലികളുടെ ബലിമാംസം പുണ്യസ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെടുകയും പാഴാക്കപ്പെടുകയും ചെയ്യുന്ന പ്രശ്‌നത്തിന് ശാശ്വത പരിഹാരമെന്നോണമാണ് അദാഹി പദ്ധതി ആരംഭിച്ചത്. പദ്ധതിക്കാവശ്യമായ, ആരോഗ്യ, ശരീഅത്ത് വ്യവസ്ഥകള്‍ തികഞ്ഞ ആടുമാടുകളെ വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത് വെറ്റിറനറി ഡോകടര്‍മാരുടെയും ശരീഅത്ത് വിദഗ്ധരുടെയും മേല്‍നോട്ടത്തില്‍ ബലിയറുത്ത് ഇറച്ചി സംസ്‌കരിച്ച് മക്കയിലും സൗദിയിലെ വിവിധ പ്രവിശ്യകളിലും നിര്‍ധനര്‍ക്കിടയില്‍ വിതരണം ചെയ്യുകയാണ് പതിവ്. സംസ്‌കരിച്ച് ശീതീകരിച്ച് സൂക്ഷിക്കുന്ന ബലി മാംസം പിന്നീട് അറബ്, ഇസ്‌ലാമിക് രാജ്യങ്ങളിലും സൗജന്യമായി വിതരണം ചെയ്യും.


പദ്ധതിക്കു കീഴില്‍ പുണ്യസ്ഥലങ്ങളില്‍ അത്യാധുനിക രീതിയില്‍ സജ്ജീകരിച്ച എട്ടു കശാപ്പുശാലകളുണ്ട്. പദ്ധതിക്കു കീഴില്‍ ഓരോ ഹജ് കാലത്തും പത്തു ലക്ഷത്തിലേറെ ആടുമാടുകളെ ബയിയറുത്ത് ഇറച്ചി വിതരണം ചെയ്യുന്നു. വെറ്റിറനറി ഡോക്ടര്‍മാരും കശാപ്പുകാരും ശരീഅത്ത് വിദഗ്ധരും അടക്കം ഹജ് കാലത്ത് പദ്ധതിക്കു കീഴില്‍ 40,000 ലേറെ പേര്‍ സേവനമനുഷ്ഠിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!