ജിദ്ദ – സൗദി ഏകീകൃത തൊഴില്‍ ക്രമീകരണവുമായി പൊരുത്തപ്പെടുന്ന തരത്തിൽ സ്വകാര്യ മേഖലാ ജീവനക്കാരുടെ പ്രൊഫഷനുകള്‍ മാറ്റി പദവി ശരിയാക്കാന്‍ അനുവദിച്ച സാവകാശം ഫെബ്രുവരി ഒന്നിന് അവസാനിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. അഞ്ചു വര്‍ഷം മുമ്പ് സൗദി ഏകീകൃത തൊഴില്‍ വര്‍ഗീകരണം മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഇതനുസരിച്ച് മുമ്പ് നിലവിലുണ്ടായിരുന്ന നിരവധി പ്രൊഫഷനുകള്‍ ഇല്ലാതാക്കിയിരുന്നു.
ഈ പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്നവരുടെ പ്രൊഫഷനുകള്‍ പുതിയ തൊഴില്‍ വര്‍ഗീകരണം അനുസരിച്ച പുതിയ പ്രൊഫഷനുകളിലേക്ക് മാറ്റാന്‍ അനുവദിച്ച സാവകാശം ഫെബ്രുവരി ഒന്നിന് അവസാനിക്കും. ഇതിനു മുമ്പ് പ്രൊഫഷന്‍ മാറ്റി പദവി ശരിയാക്കാന്‍ ഫീസ് നല്‍കേണ്ടതില്ല. ഖിവാ പ്ലാറ്റ്‌ഫോം വഴി തൊഴിലുടമകള്‍ക്കു തന്നെ തങ്ങള്‍ക്കു കീഴിലെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ എളുപ്പത്തില്‍ മാറ്റാന്‍ സാധിക്കും. ഫെബ്രുവരി ഒന്നിനു ശേഷം ഏകീകൃത തൊഴില്‍ വര്‍ഗീകരണം അനുസരിച്ച് പ്രൊഫഷന്‍ മാറ്റത്തിന് ആയിരം റിയാല്‍ ഫീസ് നല്‍കേണ്ടിവരും.
നിരവധി സ്വകാര്യ സ്ഥാപനങ്ങള്‍ ഇനിയും ഏകീകൃത തൊഴില്‍ വര്‍ഗീകരണവുമായി പൊരുത്തപ്പെടുന്ന പ്രൊഫഷനുകളിലേക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റിയിട്ടില്ല. എത്രയും വേഗം പ്രൊഫഷനുകള്‍ മാറ്റി പദവികള്‍ ശരിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഖിവാ പ്ലാറ്റ്‌ഫോമില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നുണ്ട്. ഏകീകൃത തൊഴില്‍ വര്‍ഗീകരണവുമായി പൊരുത്തപ്പെടുന്ന പ്രൊഫഷനുകളിലേക്ക് തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാത്തവര്‍ക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തില്‍ നിന്നുള്ള സേവനങ്ങള്‍ തടയുമെന്നാണ് വിവരം.
അതേസമയം, കഴിഞ്ഞ വര്‍ഷം 4,37,000 സ്വദേശികള്‍ക്ക് മാനവശേഷി വികസന നിധി സഹായങ്ങളോടെ സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭിച്ചതായി ഫണ്ട് അറിയിച്ചു. 2023 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം മാനവശേഷി വികസന നിധി സഹായത്തോടെ സ്വകാര്യ മേഖലയില്‍ ജോലി ലഭിച്ച സ്വദേശികളുടെ എണ്ണം 17 ശതമാനം തോതില്‍ വര്‍ധിച്ചു. മാനവശേഷി വികസന നിധി നടപ്പാക്കിയ തൊഴില്‍ പരിശീലന, കരിയര്‍ ഗൈഡന്‍സ്, ശാക്തീകരണ പദ്ധതികളും സേവനങ്ങളും ഇരുപതു ലക്ഷത്തോളം സ്വദേശികള്‍ പ്രയോജനപ്പെടുത്തി. 2023 നെ അപേക്ഷിച്ച് ഇത്തരം പദ്ധതികളും സേവനങ്ങളും പ്രയോജനപ്പെടുത്തിയ സൗദി യുവതീയുവാക്കളുടെ എണ്ണം കഴിഞ്ഞ കൊല്ലം അഞ്ചു ശതമാനം തോതില്‍ വര്‍ധിച്ചു.
മാനവശേഷി വികസന നിധി സേവനങ്ങള്‍ കഴിഞ്ഞ വര്‍ഷം 1,79,000 ലേറെ സ്ഥാപനങ്ങള്‍ പ്രയോജനപ്പെടുത്തി. 2023 നെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം ഫണ്ട് സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ 49 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇതില്‍ 95 ശതമാനം സ്ഥാപനങ്ങളും ചെറുകിട, ഇടത്തരം, മൈക്രോ സ്ഥാപനങ്ങളായിരുന്നു. തൊഴില്‍ പരിശീലന, ശാക്തീകരണ, കരിയര്‍ ഗൈഡന്‍സ് പദ്ധതികള്‍ക്ക് കഴിഞ്ഞ വര്‍ഷം നിധിയില്‍ നിന്ന് 774 കോടി റിയാല്‍ ചെലവഴിച്ചു.