ജിദ്ദ – മക്ക, മദീന നഗരപരിധികളില്‍ റിയല്‍ എസ്റ്റേറ്റുകള്‍ സ്വന്തമായുള്ള, സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം നടത്താന്‍ വിദേശികള്‍ക്ക് അനുമതി. ഇത് ഇന്നു മുതല്‍ നിലവില്‍ വന്നതായി സൗദി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അറിയിച്ചു. ഇതുവരെ മക്ക, മദീന നഗരപരിധികളില്‍ റിയല്‍ എസ്റ്റേറ്റുകള്‍ സ്വന്തമായുള്ള കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപങ്ങള്‍ നടത്തുന്നതില്‍ നിന്ന് വിദേശികള്‍ക്ക് വിലക്കുണ്ടായിരുന്നു. ഇത് എടുത്തുകളയുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

നിക്ഷേപം പ്രോത്സാഹിപ്പിക്കാനും സൗദി ഓഹരി വിപണിയുടെ കാര്യക്ഷമത ഉയര്‍ത്താനും മക്കയിലും മദീനയിലും നിലവിലുള്ളതും ഭാവിയില്‍ നടപ്പാക്കാനിരിക്കുന്നതുമായ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്ക് ആവശ്യമായ പണലഭ്യത ഉറപ്പാക്കാനും സൗദി ഓഹരി വിപണിയുടെ മത്സരക്ഷമത ഉയര്‍ത്താനുമാണ് മക്കയിലും മദീനയിലും റിയല്‍ എസ്റ്റേറ്റുകളുള്ള കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ വിദേശികളെ അനുവദിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് സൗദി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി പറഞ്ഞു. മക്കയിലും മദീനയിലും റിയല്‍ എസ്റ്റേറ്റുകള്‍ സ്വന്തമായുള്ള കമ്പനികളില്‍ വ്യക്തികളും കമ്പനികളുമായ വിദേശ നിക്ഷേപകരുടെ ആകെ ഓഹരി ഉടമസ്ഥാവകാശം 49 ശതമാനം കവിയാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ഫോറിന്‍ സ്ട്രാറ്റജിക് ഇന്‍വെസ്റ്റര്‍മാര്‍ക്ക് ഇത്തരം കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ അനുമതിയില്ല.
മക്ക, മദീന നഗരപരിധികളില്‍ റിയല്‍ എസ്റ്റേറ്റുകളില്‍ നിക്ഷേപങ്ങള്‍ നടത്തുന്ന റിയല്‍ എസ്റ്റേറ്റ് ഫണ്ടുകളില്‍ വരിചേരാന്‍ 2021 ല്‍ വിദേശ നിക്ഷേപകരെ സൗദി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അനുവദിച്ചിരുന്നു. സൗദിയില്‍ നിയമാനുസൃതം കഴിയുന്ന വിദേശ നിക്ഷേപകരെ ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ അനുവദിക്കല്‍, സ്വാപ് എഗ്രിമെന്റ് വഴി സൗദി ഓഹരി വിപണിയില്‍ പ്രവേശിക്കാന്‍ വിദേശ നിക്ഷേപകരെ അനുവദിക്കല്‍, സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത സെക്യൂരിറ്റികളില്‍ നിക്ഷേപിക്കാന്‍ യോഗ്യതയുള്ള വിദേശ ധനകാര്യ സ്ഥാപനങ്ങളെ അനുവദിക്കല്‍, ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ തന്ത്രപരമായ ഓഹരികള്‍ സ്വന്തമാക്കാന്‍ ഫോറിന്‍ സ്ട്രാറ്റജിക് ഇന്‍വെസ്റ്റര്‍മാരെ അനുവദിക്കല്‍ എന്നിവ അടക്കം സൗദി ഓഹരി വിപണിയുടെ ആകര്‍ഷണീയത ഉയര്‍ത്താനും പ്രത്യക്ഷമായും പരോക്ഷമായും വിദേശ നിക്ഷേപം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് സൗദി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി നേരത്തെ നിരവധി ശ്രമങ്ങള്‍ നടത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
മക്കയിലും മദീനയിലും റിയല്‍ എസ്റ്റേറ്റുകളുള്ള കമ്പനികളുടെ ഓഹരികള്‍ സ്വന്തമാക്കാന്‍ വിദേശ നിക്ഷേപകരെ അനുവദിക്കുന്ന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് വിദഗ്ധരുടെയും പൊതുസമൂഹത്തിന്റെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമും സൗദി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി വെബ്‌സൈറ്റും വഴി അതോറിറ്റി തേടിയിരുന്നു. ഇവ കൂടി കണക്കിലെടുത്താണ് മക്കയിലും മദീനയിലും റിയല്‍ എസ്റ്റേറ്റുകള്‍ സ്വന്തമായുള്ള കമ്പനികളുടെ ഓഹരികളില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ അന്തിമമായി അംഗീകരിച്ചതെന്ന് സൗദി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി പറഞ്ഞു.
സൗദിയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും റിയല്‍ എസ്റ്റേറ്റ്, നിര്‍മാണ മേഖലക്ക് പിന്തുണ നല്‍കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ടൂറിസം മേഖലയില്‍ ഉണര്‍വുണ്ടാക്കാനും പുതിയ തീരുമാനം സഹായിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
സാമ്പത്തിക വൈവിധ്യവല്‍ക്കരണവും, എണ്ണ വരുമാനം ആശ്രയിക്കുന്നത് കുറക്കാനും ഉന്നമിടുന്ന വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഉന്നമിട്ടുള്ള സാമ്പത്തിക പരിഷ്‌കരണ പരമ്പരയുടെ ഭാഗമാണിതെന്നും വിദഗ്ധര്‍ പറഞ്ഞു.

















Leave a Reply