ജിദ്ദ – സൗദിയില്‍ സ്വകാര്യ മേഖലയില്‍ 269 തൊഴിലുകളില്‍ നിര്‍ബന്ധിത സൗദിവത്ക്കരണം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. ആരോഗ്യ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, മുനിസിപ്പല്‍-പാര്‍പ്പിടകാര്യ മന്ത്രാലയം എന്നീ മൂന്നു മന്ത്രാലയങ്ങളുടെ മേല്‍നോട്ടത്തിനു കീഴിലുള്ള വ്യത്യസ്ത മേഖലകളിലെ ഡെന്റല്‍ മെഡിസിന്‍, ഫാര്‍മസി, അക്കൗണ്ടിംഗ്, എന്‍ജിനീയറിംഗ് തൊഴിലുകള്‍ അടക്കം 269 പ്രൊഫഷനുകളിലാണ് സൗദിവല്‍ക്കരണം നടപ്പാക്കുന്നത്. സ്വദേശികള്‍ക്ക് സൗദിയിലെ വ്യത്യസ്ത പ്രവിശ്യകളില്‍ കൂടുതല്‍ ഉത്തേജകവും ഉല്‍പാദനപരവുമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്.
ആരോഗ്യ മന്ത്രാലയവുമായുള്ള പങ്കാളിത്തത്തിലൂടെ ജൂലൈ 23 മുതല്‍ ഫാര്‍മസി മേഖലയില്‍ സൗദിവല്‍ക്കരണ അനുപാതം ഉയര്‍ത്തും. കമ്മ്യൂണിറ്റി ഫാര്‍മസി, മെഡിക്കല്‍ കോംപ്ലക്‌സ് മേഖലയില്‍ 35 ശതമാനവും ആശുപത്രികളിലെ ഫാര്‍മസി മേഖലയില്‍ 65 ശതമാനവും മറ്റു ഫാര്‍മസികളില്‍ 55 ശതമാനവുമായാണ് നിര്‍ബന്ധിത സൗദിവല്‍ക്കരണം ഉയര്‍ത്തുക. അഞ്ചും അതില്‍ കൂടുതലും ഫാര്‍മസിസ്റ്റുകള്‍ ജോലി ചെയ്യുന്ന മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും തീരുമാനം ബാധകമാണ്. ഡെന്റല്‍ മെഡിസിന്‍ മേഖലയില്‍ രണ്ടു ഘട്ടങ്ങളായാണ് നിര്‍ബന്ധിത സൗദിവല്‍ക്കരണ അനുപാതം ഉയര്‍ത്തുന്നത്.
ഇതില്‍ ജൂലൈ 23 ന് പ്രാബല്യത്തില്‍വരുന്ന ആദ്യ ഘട്ടത്തില്‍ 45 ശതമാനം സൗദിവല്‍ക്കരണമാണ് നടപ്പാക്കേണ്ടത്. പന്ത്രണ്ടു മാസത്തിനു ശേഷം നിലവില്‍വരുന്ന രണ്ടാം ഘട്ടത്തില്‍ സൗദിവല്‍ക്കരണം 55 ശതമാനമായി ഉയര്‍ത്തണം. മൂന്നും അതില്‍ കൂടുതലും ഡെന്റല്‍ ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്ന മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും തീരുമാനം ബാധകമാണ്. ഇതോടൊപ്പം സൗദിവല്‍ക്കരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണക്കാനുള്ള സ്വദേശി ഡെന്റല്‍ ഡോക്ടര്‍മാരുടെ മിനിമം വേതനം 9,000 റിയാലായി ഉയര്‍ത്തിയിട്ടുമുണ്ട്.
വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് അക്കൗണ്ടിംഗ് മേഖലയില്‍ പടിപടിയായി അഞ്ചു ഘട്ടങ്ങളായി നിര്‍ബന്ധിത സൗദിവല്‍ക്കരണ അനുപാതം ഉയര്‍ത്തും. ഇതില്‍ ആദ്യ ഘട്ടം 2025 ഒക്‌ടോബര്‍ പത്തിന് നിലവില്‍വരും. അക്കൗണ്ടിംഗ് പ്രൊഫഷനില്‍ അഞ്ചും അതില്‍ കൂടുതലും പേര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ ആദ്യ ഘട്ടത്തില്‍ 40 ശതമാനം സൗദിവല്‍ക്കരണമാണ് പാലിക്കേണ്ടത്.
അഞ്ചാം ഘട്ടത്തില്‍ ഈ സ്ഥാപനങ്ങള്‍ 70 ശതമാനം സൗദിവല്‍ക്കരണം പാലിക്കേണ്ടിവരും. മുനിസിപ്പല്‍-പാര്‍പ്പിടകാര്യ മന്ത്രാലയവുമായി സഹകരിച്ച് എന്‍ജിനീയറിംഗ് സാങ്കേതിക തൊഴിലുകളില്‍ ജൂലൈ 23 മുതല്‍ നിര്‍ബന്ധിത സൗദിവല്‍ക്കരണം 30 ശതമാനമായി ഉയര്‍ത്തും. എന്‍ജിനീയറിംഗ് സാങ്കേതിക തൊഴിലുകളില്‍ അഞ്ചും അതില്‍ കൂടുതലും പേര്‍ ജോലി ചെയ്യുന്ന മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.
സ്വദേശി ജീവനക്കാരെ പിന്തുണക്കാനും വിവിധ മേഖലകളില്‍ അവര്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുമുള്ള തൊഴില്‍ വിപണി തന്ത്രത്തിന്റെയും വിഷന്‍ 2030 ന്റെയും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വിവിധ തൊഴില്‍ മേഖലകളില്‍ സൗദിവല്‍ക്കരണം ഉയര്‍ത്താനാണ് പുതിയ തീരുമാനങ്ങളിലൂടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഉന്നമിടുന്നത്.