ജിദ്ദ: ജിസാന്‍ – ജിസാന്‍ നഗരത്തെയും ഫറസാന്‍ ദ്വീപിനെയും ബന്ധിപ്പിച്ചുള്ള ഫെറി സര്‍വീസുകള്‍ കഴിഞ്ഞ വര്‍ഷം 4,76,000 ലേറെ യാത്രക്കാര്‍ പ്രയോജനപ്പെടുത്തിയതായി ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു. 1,755 ഫെറി സര്‍വീസുകളില്‍ 90,000 ലേറെ വാഹനങ്ങളും നീക്കം ചെയ്തു. ജിസാനും ഫറസാന്‍ ദ്വീപിനുമിടയില്‍ 3,631 സര്‍വീസുകളില്‍ 45,000 ലേറെ ചരക്ക് ലോറികളും കഴിഞ്ഞ വര്‍ഷം നീക്കം ചെയ്തു.
650 യാത്രക്കാരെയും 60 വാഹനങ്ങളും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഫെറികളാണ് ജിസാനും ഫറസാന്‍ ദ്വീപിനുമിടയില്‍ സര്‍വീസിന് ഉപയോഗിക്കുന്നത്. ജിസാനും ഫറസാന്‍ ദ്വീപിനുമിടയില്‍ ദിവസേന നാലു പാസഞ്ചര്‍ സര്‍വീസുകളും ചരക്ക് നീക്കത്തിന് 12 സര്‍വീസുകളും വീതമാണ് നടത്തുന്നത്. യാത്രക്കാരില്‍ നിന്നുള്ള വര്‍ധിച്ച ആവശ്യം നിറവേറ്റാന്‍ വ്യാഴം, ശനി ദിവസങ്ങളില്‍ ആറു വീതം പാസഞ്ചര്‍ സര്‍വീസുകള്‍ നടത്തുന്നു.
സമുദ്ര ഗതാഗത സേവനങ്ങള്‍ മെച്ചപ്പെടുത്താനും ഫറസാന്‍ ദ്വീപ് നിവാസികളുടെയും സന്ദര്‍ശകരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന സുരക്ഷിതവും സുഖകരവുമായ ഗതാഗത ഓപ്ഷനുകള്‍ നല്‍കാനുമുള്ള ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ജിസാന്‍-ഫറസാന്‍ ഫെറി സര്‍വീസുകള്‍ നടത്തുന്നത്. ഫറസാന്‍ ദ്വീപില്‍ വിനോദസഞ്ചാരവും സാമ്പത്തിക പ്രവര്‍ത്തനങ്ങളും പിന്തുണക്കാനും ദ്വീപ് നിവാസികള്‍ക്ക് ഭക്ഷ്യവസ്തുക്കളും മറ്റു അവശ്യവസ്തുക്കളും എത്തിക്കാനും പദ്ധതി സഹായിക്കുന്നു.