മനാമ – ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ അയക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ചുമത്തണമെന്ന നിര്‍ദേശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ബഹ്‌റൈന്‍ പാര്‍ലമെന്റിലെ ധന, സാമ്പത്തികകാര്യ കമ്മിറ്റി വ്യക്തമാക്കി. പ്രവാസികള്‍ക്ക് നികുതി ബാധകമാക്കണമെന്ന ധന, സാമ്പത്തികകാര്യ കമ്മിറ്റി നിര്‍ദേശം ബഹ്‌റൈന്‍ പാര്‍ലമെന്റ് നേരത്തെ തള്ളിയിരുന്നു. ഇതോടെ കരടു നിയമത്തില്‍ വീണ്ടും പാര്‍ലമെന്റില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. അടുത്ത ചൊവ്വാഴ്ച കരടു നിയമത്തില്‍ വോട്ടെടുപ്പ് നടന്നേക്കും.
ബഹ്‌റൈനിലെ പ്രവാസികള്‍ രാജ്യത്തിന് പുറത്തേക്ക് അയക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ബാധകമാക്കണമെന്നാണ് കരടു നിയമം ആവശ്യപ്പെടുന്നത്. പ്രവാസികള്‍ സമ്പാദിക്കുന്ന മുഴുവന്‍ പണവും വിദേശത്തേക്ക് അയക്കാതിരിക്കാനും ഈ പണത്തില്‍ നല്ലൊരു ഭാഗം ബഹ്‌റൈന്‍ സമ്പദ്‌വ്യവസ്ഥയില്‍ തന്നെ ക്രയവിക്രയം ചെയ്യാനും പ്രോത്സാഹിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഇത് കൂടുതല്‍ സാമ്പത്തിക വളര്‍ച്ചക്ക് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറക്കാനുള്ള അടിയന്തിര പരിഹാരങ്ങള്‍ കണ്ടെത്താനും പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്തി ദേശീയ വരുമാനം വര്‍ധിപ്പിക്കാനും രാജ്യത്തിന്റെ വരുമാന സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു. നിലവില്‍ ഒരു ഗള്‍ഫ് രാജ്യങ്ങളിലും പ്രവാസികള്‍ സമ്പാദിക്കുകയും അയക്കുകയും ചെയ്യുന്ന പണത്തിന് നികുതി ബാധകമല്ല.