ജിദ്ദ: ലൈസന്‍സില്ലാതെ പെട്രോളും പെട്രോളിയം ഉല്‍പന്നങ്ങളും കയറ്റി അയക്കുന്നവര്‍ക്ക് അടുത്തിടെ മന്ത്രിസഭ അംഗീകരിച്ച നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത് കൂടുതല്‍ കടുത്ത ശിക്ഷകള്‍. സബ്സിഡി നിരക്കിലുള്ള പെട്രോളിയം ഉല്‍പന്നങ്ങളും, പെട്രോളിയം ഉല്‍പന്നങ്ങള്‍ അടങ്ങിയ മറ്റു ഉല്‍പന്നങ്ങളും ലൈസന്‍സില്ലാതെ വിദേശത്തേക്ക് കയറ്റി അയക്കുന്നവര്‍ക്കും കയറ്റി അയക്കാന്‍ ശ്രമിക്കുന്നവര്‍ക്കും അഞ്ചു വര്‍ഷം വരെ തടവ് ലഭിക്കും. കൂടാതെ കുറ്റക്കാര്‍ക്ക് മൂന്നു കോടി റിയാല്‍ വരെയോ, അതല്ലെങ്കില്‍ കയറ്റി അയക്കുന്ന പെട്രോളിയം ഉല്‍പന്നങ്ങളുടെ ആഗോള വിലയുടെ ഇരട്ടി തുകയോ, ഇതില്‍ ഏതാണ് കൂടുതലെങ്കില്‍ ആ തുക പിഴയും ചുമത്തും. കയറ്റി അയക്കാന്‍ ശ്രമിക്കുന്ന പെട്രോളിയം ഉല്‍പന്നങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യും.
പെട്രോളിയം ഉല്‍പന്നങ്ങള്‍ കയറ്റി അയക്കുന്ന സാഹചര്യങ്ങള്‍, സൗദിയിലെ സബ്സിഡി വിലയും ആഗോള വിലയും തമ്മിലുള്ള അന്തരം എന്നിവയെല്ലാം കണക്കിലെടുത്താണ് കുറ്റക്കാര്‍ക്ക് പിഴ ചുമത്തുക. പെട്രോളിയം ഉല്‍പന്നങ്ങള്‍ ലൈസന്‍സില്ലാതെ കയറ്റി അയക്കുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി ബന്ധപ്പെട്ട ജുഡീഷ്യല്‍ ഏജന്‍സിക്കു മുന്നില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന ചുമതല പബ്ലിക് പ്രോസിക്യൂഷനാണ്.
പെട്രോളിയം ഉല്‍പന്നങ്ങളും പെട്രോകെമിക്കല്‍ ഉല്‍പന്നങ്ങളുമായും ബന്ധപ്പെട്ട ഏതു മേഖലയില്‍ പ്രവര്‍ത്തിക്കാനും ലൈസന്‍സ് നേടല്‍ നിര്‍ബന്ധമാണ്. പെട്രോകെമിക്കല്‍ സ്ഥാപനം ആരംഭിക്കാനുള്ള ലൈസന്‍സ് അനുവദിക്കുന്നതിനു മുമ്പായി ഊര്‍ജ മന്ത്രാലയത്തില്‍ നിന്ന് അനുമതി നേടണമെന്നും പുതിയ നിയമം അനുശാസിക്കുന്നു.