അബഹ – ദക്ഷിണ സൗദിയിലെ ജിസാന്‍, അസീര്‍, നജ്‌റാന്‍ പ്രവിശ്യകളില്‍ ഇന്ന് അപ്രതീക്ഷിതമായി മുടങ്ങിയ വൈദ്യുതി വിതരണം ഉടൻ സാധാരണ ഗതിയിലാകുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തില്‍ ഉപയോക്താക്കളോട് സൗദി ഇലക്ട്രിസിറ്റി കമ്പനി ക്ഷമാപണം നടത്തി. യുദ്ധകാലാടിസ്ഥാനത്തിൽ പടിപടിയായി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ കമ്പനിയിലെ സാങ്കേതിക സംഘങ്ങള്‍ ഊര്‍ജിത ശ്രമം തുടരുകയാണെന്നും ചില മേഖലകളിൽ വിതരണം പുനസ്ഥാപിച്ചതായും അധികൃതർ വ്യക്തമാക്കി.
വൈദ്യുതി നിലയങ്ങളില്‍ പെട്ടെന്നുണ്ടായ തകരാറാണ് വൈദ്യുതി സ്തംഭനത്തിന് കാരണമായത്. ഇതേ തുടര്‍ന്ന് ഏറ്റവും കാര്യക്ഷമമായും സുരക്ഷയോടും കൂടി സംഭവം കൈകാര്യം ചെയ്യാന്‍ അടിയന്തിര പദ്ധതികള്‍ ആവിഷ്കരിച്ചു. സംഭവവുമായി ബന്ധപ്പെട്ട പുതിയ കാര്യങ്ങളും, സേവനം പുനഃസ്ഥാപിക്കുന്ന ഘട്ടങ്ങളെയും കുറിച്ച പുതിയ വിവരങ്ങള്‍ സൗദി ഇലക്ട്രിസിറ്റി കമ്പനി ഔദ്യോഗിക ചാനലുകള്‍ വഴി നല്‍കുന്നത് തുടരുന്നതായും കമ്പനി പറഞ്ഞു.
ഇന്ന് വൈകീട്ട് 4.01 ന് ആണ് ദക്ഷിണ സൗദിയില്‍ വൈദ്യുതി വിതരണം സ്തംഭിക്കാന്‍ തുടങ്ങിയതെന്നും സംഭവം അതീവ ശ്രദ്ധയോടെ നിരീക്ഷിച്ചുവരികയാണെന്നും വ്യക്തമാക്കിയ സൗദി ഇലക്ട്രിസിറ്റി കമ്പനി പടിപടിയായി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചുവരികയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.