ജിദ്ദ: അസീസിയ ഡിസ്ട്രിക്ടിലെ നിയമ വിരുദ്ധ കേന്ദ്രത്തില്‍ നിന്ന് ജിദ്ദ നഗരസഭ ഉറവിടമറിയാത്ത മൂന്നു ടണ്ണിലേറെ പുകയില ഉല്‍പന്നങ്ങളും ഹുക്ക പുകയില ഉല്‍പന്നങ്ങളില്‍ കലര്‍ത്താന്‍ ഉപയോഗിക്കുന്ന 2,200 ലേറെ പേക്കറ്റ് കാലാവധി തീര്‍ന്ന ഉല്‍പന്നങ്ങളും പിടികൂടി. മൂല്യവര്‍ധിത നികുതി സ്റ്റാമ്പ് പതിക്കാത്ത പുകയിലയുടെ വന്‍ ശേഖരവും പരിശോധനക്കിടെ പിടികൂടി.
നിയമ വിരുദ്ധമായി വ്യാപാര സ്ഥാപനവും തൊഴിലാളികളുടെ താമസസ്ഥലവുമായി മാറ്റിയ കേന്ദ്രം ജിദ്ദ നഗരസഭക്കു കീഴിലെ പ്രത്യേക സംഘം സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുമായും അസീസിയ ബലദിയയുമായും നഗരസഭക്കു കീഴിലെ ഗ്രൂപ്പ് ഹൗസിംഗ് ഡിപ്പാര്‍ട്ട്മെന്റുമായും പോലീസുമായും സഹകരിച്ചാണ് റെയ്ഡ് ചെയ്തത്. നിയമാനുസൃത ബോര്‍ഡ് സ്ഥാപിക്കാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്.
ഉപയോഗയോഗ്യമായ ഭക്ഷ്യവസ്തുക്കളും ഇവ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന റെഫ്രിജറേറ്റുകളും കേന്ദ്രത്തില്‍ കണ്ടെത്തി. നിര്‍ധനര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ ഇവ പിന്നീട് ചാരിറ്റബിള്‍ സൊസൈറ്റി അധികൃതര്‍ക്ക് കൈമാറി. അനധികൃത സ്ഥാപനം അധികൃതര്‍ അടപ്പിക്കുകയും ചെയ്തു.