ജിദ്ദ: എയ്ഡ്‌സ്ബാധ സ്ഥിരീകരിക്കുന്ന വിദേശികളെ ഇനി മുതല്‍ സൗദിയില്‍ നിന്ന് നാടുകടത്തില്ല. എയ്ഡ്‌സ് പ്രതിരോധ സംവിധാനവും രോഗബാധിതരുടെ അവകാശങ്ങളും കടമകളും എന്ന പേരില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ നിയമത്തിലാണ് എയ്ഡ്‌സ് രോഗികളായ വിദേശികളെ സൗദിയില്‍ നിന്ന് സ്വദേശങ്ങളിലേക്ക് നാടുകടത്തണമെന്ന പഴയ നിയമത്തിലെ 12-ാം വകുപ്പ് ഇല്ലാതാക്കിയിരിക്കുന്നത്. അണുബാധ പകരുന്ന രീതികളെ കുറിച്ച അറിവ് വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, രോഗബാധിതരായ ആളുകളെ നാടുകടത്തേണ്ട ആരോഗ്യപരമായ ആവശ്യമില്ലെന്ന് പറഞ്ഞ് കരടു നിയമം ഇതിനെ ന്യായീകരിച്ചു. പുതിയ നിയമത്തില്‍ ആകെ 29 വകുപ്പുകളാണുള്ളത്. വിദഗ്ധര്‍ അടക്കമുള്ളവരുടെ അഭിപ്രായ, നിര്‍ദേശങ്ങള്‍ക്കായി പുതിയ കരടു നിയമം പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമില്‍ സൗദി ഹെല്‍ത്ത് കൗണ്‍സില്‍ പരസ്യപ്പെടുത്തി.
സമ്പര്‍ക്കത്തിലൂടെ എയിഡ്‌സ് വൈറസ് പകരില്ല എന്നതിനാല്‍ രോഗബാധിതരായ ആളുകളെ ഐസൊലേഷനിലേക്കലും താമസം നിയന്ത്രിക്കലും നിര്‍ബന്ധമാക്കുന്ന വകുപ്പും റദ്ദാക്കിയിട്ടുണ്ട്. കാരണം, എയ്ഡ്‌സ് രോഗികളെ ഐസൊലേഷനിലാക്കുന്നത് വൈദ്യശാസ്ത്രപരമായി ന്യായീകരിക്കപ്പെടുന്നില്ലെന്ന് നിയമം പറയുന്നു. എയ്ഡ്‌സ് മുക്തരാണെന്ന് ഉറപ്പുവരുത്താന്‍ സൗദിയിലേക്ക് വരുന്നവര്‍ക്ക് പരിശോധനകള്‍ നടത്തണമെന്ന് കരടു നിയമത്തിലെ പതിമൂന്നാം വകുപ്പ് ആവശ്യപ്പെടുന്നു. രോഗബാധിതരായ വ്യക്തികളെ അവരുടെ അവസ്ഥയെ കുറിച്ച് അറിയിക്കാന്‍ ആരോഗ്യ വകുപ്പുകള്‍ ബാധ്യസ്ഥമാണ്. തങ്ങള്‍ക്ക് അണുബാധ പടര്‍ന്നുപിടിച്ചിരിക്കാന്‍ സാധ്യതയുള്ള ഉറവിടവും തങ്ങള്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരിക്കാന്‍ സാധ്യതയുള്ള ആളുകളെയും കുറിച്ച് രോഗികളില്‍ നിന്ന് രേഖാമൂലം വിവരങ്ങള്‍ ശേഖരിക്കണം.
എയ്ഡ്‌സ് രോഗിക്ക് അണുബാധ ബാധിച്ചതിനെ കുറിച്ച് അറിയിക്കേണ്ട വിഭാഗങ്ങളെ നിര്‍ണയിക്കുകയും അതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുകയും വേണം. എയ്ഡ്സ് ബാധിതരുടെ അന്തസ്സ് സംരക്ഷിക്കാനും അവരുടെ അവകാശങ്ങള്‍ ലംഘിക്കാതിരിക്കാനും അണുബാധ മൂലമുള്ള ചൂഷണം തടയാനും എയ്ഡ്സ് ബാധിതരോട് വിവേചനം കാണിക്കുന്ന ഏതൊരു പ്രവൃത്തിയും നിരോധിക്കണമെന്ന് ഇരുപത്തിയൊന്നാം വകുപ്പ് പറയുന്നു. മനഃപൂര്‍വമോ അബദ്ധവശാലോ വൈറസ് ബാധിച്ചവര്‍ക്ക് അണുബാധ മൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള അവകാശം പതിനൊന്നാം വകുപ്പ് നല്‍കുന്നു. എയ്ഡ്‌സ് രോഗിയായ ഏതൊരു വ്യക്തിക്കും ആവശ്യമായ വൈദ്യസഹായം നല്‍കുന്നതില്‍ നിന്ന് ഒരു ആരോഗ്യ സ്ഥാപനവും വിട്ടുനില്‍ക്കാന്‍ പാടില്ലെന്ന് നാലാം വകുപ്പ് പറയുന്നു.
രോഗബാധിതയായ ഗര്‍ഭിണിയായ സ്ത്രീക്കും അവളുടെ കുഞ്ഞിനും ആവശ്യമായ ആരോഗ്യ പരിചരണം ലഭിക്കണമെന്നും രോഗം കാരണം ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കരുതെന്നും കുട്ടികളുടെ സംരക്ഷണം നിഷേധിക്കരുതെന്നും ആറാം വകുപ്പ് വ്യക്തമാക്കുന്നു. രോഗിയായ വ്യക്തിക്ക് വിവാഹത്തിനുള്ള അവകാശം ഉള്‍പ്പെടെ നിയമം അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും ലഭിക്കണമെന്ന് എട്ടാം വകുപ്പ് സ്ഥിരീകരിക്കുന്നു. മറ്റുള്ളവരിലേക്ക് മനഃപൂര്‍വം അണുബാധ പകര്‍ത്തിയെന്ന് തെളിയിക്കപ്പെടാത്ത പക്ഷം, രോഗബാധിതനായ വ്യക്തിയെ വിദ്യാഭ്യാസം തുടരുന്നതില്‍ നിന്ന് തടയാനും ജോലിയില്‍ നിന്ന് പിരിച്ചുവിടാനും പാടില്ലെന്നും എട്ടാം വകുപ്പ് അനുശാസിക്കുന്നു.