ദാവോസ് – ലോകത്തെവിടെ നിന്നുള്ളവര്‍ക്ക് ഇപ്പോള്‍ അഞ്ചു മിനിറ്റിനകം സൗദി സന്ദര്‍ശന വിസ ലഭിക്കുമെന്ന് ടൂറിസം മന്ത്രി അഹ്മദ് അല്‍ഖതീബ് പറഞ്ഞു. ദാവോസ് വേള്‍ഡ് ഇക്കണോമിക് ഫോറത്തോടനുബന്ധിച്ച് ഒരുക്കിയ സൗദി ഹൗസ് പവലിയനില്‍ ടൂറിസം മേഖലാ സുസ്ഥിരതയെ കുറിച്ച് വിശകലനം ചെയ്യാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സൗദിയിലെ എല്ലാ പ്രവിശ്യകളിലും ടൂറിസം ആസ്തികളുണ്ട്. ഒരു നഗരത്തില്‍ മാത്രം അമിത വിനോദസഞ്ചാരം ഒഴിവാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ടൂറിസം മേഖലയില്‍ സൗദി അറേബ്യ നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. വിഷന്‍ 2030 ന്റെ ഭാഗമായി പരിസ്ഥിതി സുസ്ഥിരതാ മാനദണ്ഡങ്ങള്‍ കൈവരിക്കാന്‍ രാജ്യം ആഗ്രഹിക്കുന്നു.
പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ സൗദി അറേബ്യ 50,000 കോടിയിലേറെ ഡോളറിന്റെ നിക്ഷേപങ്ങള്‍ നടത്തിവരികയാണ്. അല്‍ഉല, റെഡ്‌സീ പോലുള്ള ടൂറിസം പദ്ധതികളില്‍ പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നു. വന്‍കിട ടൂറിസം പദ്ധതികളില്‍ രൂപകല്‍പന മുതല്‍ നടപ്പാക്കല്‍ ഘട്ടം വരെയുള്ള ഓരോ ചുവടുവെപ്പിലും സുസ്ഥിരത കൈവരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സമാരംഭം കുറിച്ച സൗദി ഗ്രീന്‍, മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനീഷ്യേറ്റീവുകളിലൂടെ 2030 ഓടെ കോടിക്കണക്കിന് വൃക്ഷങ്ങള്‍ നട്ടുവളര്‍ത്താനുള്ള ശ്രമങ്ങളുമായി സൗദി അറേബ്യ മുന്നോട്ടുപോവുകയാണ്. 2060 ഓടെ സീറോ ന്യൂട്രാലിറ്റി കൈവരിക്കാന്‍ രാജ്യം പ്രവര്‍ത്തിക്കുന്നു. വര്‍ധിച്ചുവരുന്ന പാരിസ്ഥിതിക അപകടങ്ങളില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കാന്‍ ലോകത്തെ എല്ലാ രാജ്യങ്ങളും സുസ്ഥിരത കൈവരിക്കാന്‍ വ്യവസ്ഥാപിതമായി പരിശ്രമിക്കണം.
സൗദിയില്‍ ടൂറിസം വ്യവസായ മേഖല കെട്ടിപ്പടുക്കാനുള്ള പ്രയാണം പ്രചോദനാത്മകവും അതുല്യവുമായ ഒരു മാതൃകയാണ്. സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ മൂന്നു ശതമാനമായിരുന്നു ടൂറിസം മേഖലയുടെ സംഭാവന. ഇപ്പോഴിത് അഞ്ചു ശതമാനത്തില്‍ എത്തിയിരിക്കുന്നു. 2030 ആകുമ്പോഴേക്കും മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ടൂറിസം മേഖലയുടെ സംഭാവന പത്തു ശതമാനത്തില്‍ എത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സൗദിയിലെ പ്രകൃതി സൗന്ദര്യവും അതുല്യമായ സാംസ്‌കാരിക വൈവിധ്യവും പുരാതന ചരിത്രവും, ഉദാരമതികളും അതിഥിപ്രിയരുമായ ആളുകളെയും അടുത്തറിയാന്‍ നിക്ഷേപകരും വിനോദസഞ്ചാരികളും സൗദി അറേബ്യ സന്ദര്‍ശിക്കണമെന്നും ടൂറിസം മന്ത്രി പറഞ്ഞു.