റിയാദ്- സീസണല്‍ പനി കാരണം സൗദി അറേബ്യയില്‍ ഈ വര്‍ഷം മരിച്ചത് 31 പേര്‍. 84 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്. സീസണല്‍ പനി പ്രതിരോധത്തിന്റെ ഭാഗമായി വിദേശികളും സ്വദേശികളും കുത്തിവെപ്പെടുക്കണമെന്നും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ അതിനുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രായമായവരും ഗര്‍ഭിണികളുമുള്‍പ്പെടെ 30 ലക്ഷം പേര്‍ ഇതിനകമ വൈറല്‍ പനിക്കെതിരെ കുത്തിവെപ്പെടുത്തിട്ടുണ്ട്.
ഇത് കാരണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രോഗികളുടെ എണ്ണത്തില്‍ 70 ശതമാനം കുറഞ്ഞു. കുത്തിവെപ്പ് സ്വീകരിക്കുന്നത് രോഗപ്രതിരോധത്തിന് ഏറ്റവും നല്ല മാര്‍ഗമാണെന്ന് ഇത് തെളിയിക്കുന്നു. ഇത് സംബന്ധിച്ച് നടത്തിയ ബോധവത്കരണം ഫലപ്രദമായിട്ടുണ്ട്.
മാര്‍ച്ച് അവസാനം വരെ സീസണല്‍ വൈറല്‍ പനി ഭീഷണി തുടരും. തിവ്രപരിചരണത്തില്‍ കഴിയുന്ന ചിലരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്നവരെല്ലാം വാക്‌സിന്‍ സ്വീകരിക്കാത്തവരാണ്.
സിഹതീ ആപ്ലിക്കേഷനില്‍ ബുക്ക് ചെയ്താണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ കുത്തിവെപ്പിന് എത്തേണ്ടത്. പ്രായമായവര്‍, കുട്ടികള്‍, മറ്റു രോഗികള്‍ എന്നിവര്‍ക്ക് വീടുകളില്‍ കുത്തിവെപ്പ് ആവശ്യമുണ്ടെങ്കില്‍ സനാര്‍ ആപ്ലിക്കേഷനിലാണ് ബുക്ക് ചെയ്യേണ്ടത്. മന്ത്രാലയം ഓര്‍മിപ്പിച്ചു.