ജിദ്ദ – ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ജിദ്ദ ടവര്‍ പദ്ധതി പതിനായിരം കോടിയിലേറെ റിയാലിന്റെ നിക്ഷേപങ്ങളോടെയാണ് പൂര്‍ത്തിയാക്കുന്നതെന്ന് കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനി ചെയര്‍മാന്‍ അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 മായി ജിദ്ദ ടവര്‍ പദ്ധതി പൊരുത്തപ്പെട്ടു പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആകെ 53 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ആദ്യ ഭാഗത്തിന് 13 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയുണ്ട്. പദ്ധതിയിലെ പ്രധാന ഭാഗം ജിദ്ദ ടവര്‍ ആണ്. മുക്കാല്‍ ലക്ഷം മുതല്‍ ഒരു ലക്ഷം ആളുകള്‍ വരെ ജിദ്ദ ടവര്‍ പദ്ധതിയില്‍ താമസിക്കും.
ജിദ്ദ ടവര്‍ പദ്ധതി സമീപ പ്രദേശങ്ങളെയെല്ലാം വലിയ തോതില്‍ സ്വാധീനിച്ചു. പദ്ധതിക്കു സമീപമുള്ള പ്രദേശത്തെല്ലാം ഭൂമി വില ഉയര്‍ന്നു. നിശ്ചയദാര്‍ഢ്യത്തോടെയും ഇച്ഛാശക്തിയോടെയും വെല്ലുവിളികളെല്ലാം തരണം ചെയ്ത് പദ്ധതിയുടെ നിര്‍മാണ ജോലികള്‍ പുനരാരംഭിച്ചിട്ടുണ്ട്. ജിദ്ദ ടവറിന്റെ 64-ാം നിലയുടെ വാര്‍പ്പ് ജോലികള്‍ പൂര്‍ത്തിയായി.
പദ്ധതി കോണ്‍ട്രാക്ടര്‍മാരായ സൗദി ബിന്‍ ലാദിന്‍ ഗ്രൂപ്പുമായുണ്ടാക്കിയ ധാരണ പ്രകാരം ഇനിയുള്ള സമയം ഓരോ നാലു ദിവസത്തിലും ഒരു നിലയുടെ വീതം വാര്‍പ്പ് ജോലികള്‍ പൂര്‍ത്തിയാക്കും. 42 മാസത്തിനുള്ളില്‍ നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ പണം കണ്ടെത്തിയിട്ടുണ്ട്. 800 ലേറെ മീറ്റര്‍ ഉയരത്തിലേക്ക് കോണ്‍ക്രീറ്റ് എത്തിക്കാന്‍ ലോകത്ത് ആദ്യമായി ഉപയോഗിക്കുന്ന നൂതന സാങ്കേതികവിദ്യ പദ്ധതിയില്‍ പ്രയോജനപ്പെടുത്തും. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സൗദി അറേബ്യക്കും സൗദി ജനതക്കുമുള്ള ഉപഹാരമാണ് ജിദ്ദ ടവര്‍ പദ്ധതിയെന്നും അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ പറഞ്ഞു.
ജിദ്ദ ടവര്‍ പദ്ധി നിര്‍മാണ ജോലികള്‍ പുനരാരംഭിച്ചതായി കഴിഞ്ഞ ദിവസം കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനി അറിയിച്ച കാര്യം ദ മലയാളം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. 2018 ജനുവരിയിലാണ് പദ്ധതി നിര്‍മാണ ജോലികള്‍ നിര്‍ത്തിവെച്ചത്. അമേരിക്കന്‍ എന്‍ജിനീയര്‍ അഡ്രിയാന്‍ സ്മിത്ത് ആണ് നിരവധി സവിശേഷതകളോടെ ജിദ്ദ ടവര്‍ രൂപകല്‍പന ചെയ്തത്. ആയിരം മീറ്ററിലേറെ ഉയരമുള്ള ജിദ്ദ ടവറില്‍ 169 നിലകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ജിദ്ദ ടവര്‍ ഇന്നൊവേഷന്റെ മകുടോദാഹരണവും സാമ്പത്തിക വളര്‍ച്ചക്ക് ഒരു ഉത്തേജകവുമായിരിക്കും. അഡ്രിയാന്‍ സ്മിത്ത് ആന്റ് ഗോര്‍ഡന്‍ ഗില്‍ ആര്‍ക്കിടെക്റ്റ്സില്‍ നിന്നുള്ള ലോകോത്തര ആര്‍ക്കിടെക്റ്റുകളുമായും തോണ്‍ടണ്‍ ടോമസെറ്റി, ലംഗന്‍ ഇന്റര്‍നാഷണല്‍ എന്നീ കമ്പനികളില്‍ നിന്നുള്ള എന്‍ജിനീയര്‍മാരുമായും സഹകരിച്ച് ജിദ്ദ ഇക്കണോമിക് കമ്പനിയാണ് ജിദ്ദ ടവര്‍ പദ്ധതി മാനേജ് ചെയ്യുന്നത്. റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍, വാണിജ്യ ഇടങ്ങള്‍, ഫോര്‍ സീസണ്‍സ് ഹോട്ടല്‍, ജിദ്ദയുടെയും ചെങ്കടലിന്റെയും സവിശേഷമായ കാഴ്ചകള്‍ പ്രദാനം ചെയ്യുന്ന നിരീക്ഷണ ഡെക്ക് എന്നിവ ടവറില്‍ ഉള്‍പ്പെടുമെന്നത് ശ്രദ്ധേയമാണ്.