സ്ഥിരമായി ഹെഡ്ഫോണുകളും, ഇയർബഡുകളും ഉപയോഗിക്കുന്നവർ കേൾവിക്കുറവ് തടയുന്നതിനും ചെവിയുടെ ആരോഗ്യം നിലനിർത്തുന്നതിനുമായി 60/60 നിയമം പാലിക്കണമെന്ന് സൗദി ഹെൽത്ത് കൗൺസിൽ നിർദ്ദേശിച്ചു.
ഈ നിയമം പ്രയോഗിക്കുന്നത് ഉച്ചത്തിലുള്ള ശബ്ദങ്ങൾ ദീർഘനേരം കേൾക്കുന്നതുമൂലമുള്ള കേൾവിക്കുറവിൻ്റെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
ഹെഡ്‌ഫോണുകൾ ഉപയോഗിക്കുമ്പോൾ ചെവിയുടെ ആരോഗ്യം നിലനിർത്തിക്കൊണ്ട് ശബ്ദം ആസ്വദിക്കാൻ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ലളിതമായ മാർഗ്ഗനിർദ്ദേശമാണ് 60/60 നിയമം.
തുടർച്ചയായി 60 മിനിറ്റിൽ കൂടുതൽ സമയം ഹെഡ്‌ഫോൺ ഉപയോഗിക്കാതിരിക്കുകയും, ഹെഡ്ഫോണുകളുടെ ശബ്ദം പരമാവധി 60 ശതമാനത്തിൽ കൂടാതെ നിലനിർത്തുകയും ചെയ്യുക എന്നതാണ് ഈ നിയമം നിർദ്ദേശിക്കുന്നത്.
ഉച്ചത്തിലുള്ള ശബ്ദങ്ങൾ ദീർഘനേരം ശ്രവിക്കുന്നത്, ശബ്‌ദം മൂലമുണ്ടാകുന്ന കേൾവി നഷ്ടത്തിന് (NIHL) ഒരു പ്രധാന കാരണമാണ്.
വാർദ്ധക്യം മൂലമോ ജനിതകകാരണങ്ങൾ മൂലമോ ഉണ്ടാകുന്ന കേൾവിക്കുറവിൽ നിന്ന് വ്യത്യസ്തമായി, ഇത്തരം മുൻകരുതലുകളിലൂടെ NIHL തടയാവുന്നതാണ്.