നജ്‌റാന്‍ – നജ്‌റാനില്‍ തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ സൗദി ബാലന് ഗുരുതര പരിക്ക്. പേപ്പട്ടികളാണ് ബാലനെ കടിച്ചു പരിക്കേല്‍പിച്ചതെന്ന് സംശയമുണ്ട്. വീടിനു സമീപത്തെ ഗലിയിലൂടെ നടന്നുപോകുന്നതിനിടെ രണ്ടു ബാലന്മാര്‍ക്കു പിറകെ തെരുനായ്ക്കള്‍ പാഞ്ഞടുക്കുകയായിരുന്നു. നായ്ക്കളില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ബാലന്മാര്‍ നോക്കിയെങ്കിലും കൂട്ടത്തില്‍ പിറകിലുണ്ടായിരുന്ന ബാലനെ നായ്ക്കളില്‍ ഒന്ന് കാലിന് കടിച്ചുതള്ളിയിട്ടു. ബാലന്‍ ഏറെ കിണഞ്ഞുശ്രമിച്ചിട്ടും കാലില്‍ നിന്ന് നായ കടിവിട്ടില്ല. കാലില്‍ കടിച്ച് ബാലനെ നായ വട്ടംചുറ്റിച്ചു. ഇതിനിടെ രണ്ടാമത്തെ നായ ബാലന്റെ ശിരസ്സിനും കടിച്ചു.
ബാലന്റെ കരച്ചിലും നായ്ക്കളുടെ കുരയും കേട്ട് വേലക്കാരിയും മറ്റു സഹോദരങ്ങളും ഓടിയെത്തിയാണ് നായ്ക്കളില്‍ നിന്ന് ബാലനെ രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ ആലുശൈബാന്‍ കുടുംബത്തിലെ ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു കുട്ടികള്‍ക്കു പിന്നാലെ തെരുവു നായ്ക്കള്‍ പാഞ്ഞടുക്കുന്നതിന്റെയും ബാലന്മാരില്‍ ഒരാളെ നായ്ക്കള്‍ ആക്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വി ക്യാമറ ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.