ദുബൈ: എയർ ഇന്ത്യ എക്‌സ്പ്രസ് ഗൾഫിലേക്ക് യാത്ര ചെയ്യുന്നവരുടെ ബാഗേജ് അലവൻസ് വർധിപ്പിച്ചു. ഇനി മുതൽ നാട്ടിൽ നിന്ന് 30 കിലോ ബാഗേജുമായി ഗൾഫിലേക്ക് യാത്ര ചെയ്യാം. നേരത്തേ ഇത് 20 കിലോയായിരുന്നു. ജനുവരി 15 ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വർധിപ്പിച്ച ബാഗേജ് ആനുകൂല്യം ലഭ്യമാവുക. നേരത്തേ ഗൾഫിൽ നാട്ടിലേക്ക് പോകുന്നവർക്ക് 30 കിലോ ബാഗേജ് അനുവദിച്ചിരുന്നു. പക്ഷേ, നാട്ടിൽ നിന്ന് ഗൾഫിലേക്ക് പോകുന്നവർക്ക് 20 കിലോ മാത്രമാണ് ബാഗേജ് അലവൻസുണ്ടായിരുന്നത്.

പുതിയ മാറ്റം അനുസരിച്ച് ഇനി മുതൽ നാട്ടിൽ നിന്ന് എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും 30 കിലോ ബാഗേജ് അനുവദിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ബാഗേജ് പരമാവധി രണ്ട് പെട്ടികളിലോ, ബാഗുകളിലോ ആയി കൊണ്ടുപോകാം. ഇതിൽ കൂടുതൽ ബാഗുകൾ ചെക്ക് ഇൻ ബാഗേജിൽ അനുവദിക്കില്ല. എക്‌സ്പ്രസ് ബിസ് വിഭാഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് പുതിയ മാറ്റം ബാധകമല്ലെന്ന് വിമാനകമ്പനി അറിയിച്ചു.