ദമ്മാം: ഗാർഹിക തൊഴിൽ റിക്രൂട്ട്‌മെൻറുകൾക്കുള്ള മാനദണ്ഡങ്ങൾ പരിഷ്‌കരിച്ച് സൗദി മാനവവിഭവശേഷി മന്ത്രാലയം. പ്രവർത്തന ചെലവ് കുറയ്ക്കുന്നതിനും തൊഴിൽ വിപണിയിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും തീരുമാനം സഹായിക്കുമെന്ന് റിക്രൂട്ട്‌മെൻറ് കമ്പനികൾ വ്യക്തമാക്കി.
തീരുമാനം പ്രവർത്തന ചെലവ് കുറയ്ക്കുമെന്ന് അൽ മവാരിദ് മാൻപവർ കമ്പനി സിഇഒ അൽറുമൈസാൻ പറഞ്ഞു. ആവശ്യക്കാരില്ലാതെ തന്നെ വലിയ തോതിൽ ഗാർഹിക തൊഴിലാളികളെ കമ്പനികൾ കൊണ്ടുവരേണ്ട അവസ്ഥായായിരുന്ന നിലവിലുണ്ടായിരുന്നത്. പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് ഇവ ഒഴിവാകും. വിപണിയിലെ വിതരണ, ഡിമാൻഡിന് അനുസരിച്ച് തൊഴിലാളികളെ നൽകുന്നതിന് കമ്പനികളെ പ്രാപ്തമാക്കുമെന്നും പ്രവർത്തന നിരക്കുകൾ മെച്ചപ്പെടുമെന്നും അദ്ദേഹം വിശദീകരിച്ചു.

മുമ്പ് കമ്പനികൾ മൊത്തം തൊഴിലാളികളുടെ 30% ഗാർഹിക തൊഴിൽ വിഭാഗത്തിൽ റിക്രൂട്ട് ചെയ്യണമായിരുന്നു. അതായത് ഓരോ 10,000 തൊഴിലാളികൾക്കും 3,000 ഗാർഹിക തൊഴിലാളികൾ നിർബന്ധമായിരുന്നു. ഇത് വിപണിയിൽ വിതരണവും ആവശ്യവും തമ്മിലുള്ള അന്തരം വർധിക്കാൻ ഇടയാക്കി. മാറ്റം തൊഴിൽ നിരക്കുകൾ സുസ്ഥിരമായ രീതിയിൽ മെച്ചപ്പെടുത്തുന്നതിന് കാരണമാകും, ഒപ്പം കമ്പനികളുടെ ലാഭക്ഷമതയെ വർധിപ്പിക്കുമെന്നും ഈ രംഗത്തുള്ളവർ അഭിപ്രായപ്പെട്ടു.