റിയാദ്- തന്റെ പേരില്‍ അജ്ഞാതര്‍ സിം കാര്‍ഡ് എടുത്തതിന്റെ പേരില്‍ മലയാളി മയക്കുമരുന്ന് കേസില്‍ ജയിലില്‍. സൗദിയിലെ ദമാമില്‍ ജോലി ചെയ്യുന്ന മലയാളിക്കാണ് മറ്റാരോ തന്റെ പേരില്‍ സിം കാര്‍ഡ് എടുത്തത് വിനയായത്. നിരപരാധിയായ ഇദ്ദേഹത്തെ മോചിപ്പിക്കാന്‍ സാമുഹിക പ്രവര്‍ത്തകര്‍ ശ്രമം നടത്തിവരികയാണ്. സിം കാര്‍ഡ് ഉപയോഗിച്ച് റിയാദില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള കേസ്.
കഴിഞ്ഞ ജനുവരിയില്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷ നല്കിയപ്പോള് കേസുള്ളതിന്റെ പേരില്‍ അപേക്ഷ തള്ളുകയായിരുന്നു. എന്നാല്‍ എന്താണ് കേസ് എന്ന് വ്യക്തമായിരുന്നില്ല. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പോയി കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് തന്റെ പേരില്‍ ആരോ സിം കാര്‍ഡ് എടുത്തിട്ടുണ്ടെന്നും അതുപയോഗിച്ച് മയക്കുമരുന്ന് കച്ചവടം നടത്തി പോലീസ് പിടിയിലായിട്ടുണ്ടെന്നും അറിയുന്നത്. ദമാം പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് റിയാദിലേക്ക് അയച്ചു. റിയാദ് പബ്ലിക് പ്രോസിക്യൂഷനില്‍ ഹാജറാക്കിയ ഇദ്ദേഹത്തെ ജയിലിലേക്ക് അയക്കുകയായിരുന്നു. രണ്ടു അറബ് വംശജരും ഈ കേസുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ടിട്ടുണ്ട്.
ദമാമിലെ സീകോ ഏരിയയിലെ ഒരു കടയില്‍ നിന്ന് ഇദ്ദേഹം സൈന്‍ കമ്പനിയുടെ ഒരു സിം കാര്‍ഡ് വാങ്ങിയിരുന്നു. ഇതിന്നായി രണ്ടുമൂന്നു പ്രാവശ്യം വിരലടയാളം വെക്കുകയും ചെയ്തു. ഇതായിരിക്കാം ഇദ്ദേഹത്തിന് കുരുക്കായത്. ഇദ്ദേഹത്തിന്റെ പേരില്‍ കടക്കാരന് മറ്റു സിമ്മുകളും ഈ സമയത്ത് ഇഷ്യു ചെയ്തിട്ടുണ്ടാകാം. ഇദ്ദേഹത്തിന്റെ പേരിലുള്ള സിമ്മുപയോഗിച്ച് കൊക്കെയിന്‍ കച്ചവടം നടത്തിയെന്നാണ് പബ്ലിക് പ്രോസിക്യൂഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ താന്‍ റിയാദിലേക്ക് വരികയോ ഇത്തരം ബിസിനസ് നടത്തുകയോ ചെയ്തിട്ടില്ലെന്നും ഈ മൊബൈല്‍ സിമ്മിനെ കുറിച്ച് തനിക്കറിയില്ലെന്നും താന്‍ നിരപരാധിയാണെന്നും ഇദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചു. കുടുംബത്തിന്റെ ആവശ്യപ്രകാരം ഇന്ത്യന്‍ എംബസി കേസിലിടപെടാന്‍ സിദ്ദീഖ് തുവ്വൂരിനെ ചുമതലപ്പെടുത്തിയിരുന്നു. കേസില്‍ വാദം തുടരുകയാണ്.
കടകളില്‍ നിന്നും മറ്റും സിം കാര്‍ഡുകള്‍ എടുക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും നാമറിയാത്ത സിം കാര്‍ഡുകള്‍ നമ്മുടെ ഇഖാമ നമ്പറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതത് കാന്‍സല്‍ ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ അപകടത്തില്‍ പെട്ടേക്കാമെന്നും സിദ്ദീഖ് തുവ്വൂര്‍ ദ മലയാളം ന്യൂസിനോട് പറഞ്ഞു.