ജിദ്ദ – യു.എ.ഇ കമ്പനി പ്രാദേശിക വിപണിയില്‍ പുറത്തിറക്കിയ ഉണക്കിയ ബീഫിനെതിരെ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കണ്‍ട്രി ബച്ചര്‍ ബോയ് എന്ന ട്രേഡ് മാര്‍ക്കില്‍ യു.എ.ഇ കമ്പനി പുറത്തിറക്കിയ, 2025 മാര്‍ച്ച് ഒന്നു വരെ കാലാവധിയുള്ള, 250 ഗ്രാം തൂക്കമുള്ള ബീഫ് പെപ്പറോനി ഉല്‍പന്നത്തിനെതിരെയാണ് മുന്നറിയിപ്പ്. ഈ ഉല്‍പന്നത്തിന്റെ സാമ്പിളുകള്‍ പിടിച്ചെടുത്ത് നടത്തിയ ലബോറട്ടറി പരിശോധനാ ഫലങ്ങള്‍ കാണിക്കുന്നത് ഉല്‍പന്നത്തില്‍ ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്നാണ്. ഇത് ഉപയോക്താക്കളുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കിയേക്കാം.
ഈ ഉല്‍പന്നം ഉപയോക്താക്കള്‍ ഒഴിവാക്കുകയും തങ്ങളുടെ പക്കലുള്ള യു.എ.ഇ കമ്പനിയുടെ ബീഫ് പെപ്പറോനി പേക്കറ്റുകള്‍ ഉടനടി ഉപേക്ഷിക്കുകയും വേണം. ഹാനികരമായ ഉല്‍പന്നം പ്രാദേശിക വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ ഉല്‍പന്നം ഇറക്കുമതി ചെയ്ത കമ്പനിക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നുമുണ്ട്.
സൗദിയില്‍ ഭക്ഷ്യനിയമം ലംഘിക്കുന്നവര്‍ക്ക് പത്തു വര്‍ഷം വരെ തടവും ഒരു കോടി റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യത്തെ ബാധിക്കുന്ന നിയമ ലംഘനങ്ങളില്‍ ഒരുവിധ വിട്ടുവീഴ്ചയും കാണിക്കില്ല. ഉല്‍പന്നങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും നിയമവിരുദ്ധ ഉല്‍പന്നങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും ശ്രമങ്ങള്‍ തുടരുകയാണ്. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളെ കുറിച്ച് 19999 എന്ന നമ്പറില്‍ ബന്ധപ്പെട്ട് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിക്കു കീഴിലെ ഏകീകൃത കോള്‍ സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണെന്നും അതോറിറ്റി പറഞ്ഞു.