ദുബായ് – യു.എ.ഇയില്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് വ്യക്തികള്‍ക്ക് നേരത്തെ ഏര്‍പ്പെടുത്തിയ വിലക്ക് എടുത്തുകളഞ്ഞതായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡ്രോണുകള്‍ ഉപയോഗിക്കാന്‍ നേരത്തെ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മന്ത്രാലയം അനുമതി നല്‍കിയിരുന്നു. വ്യക്തികള്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് എടുത്തുകളയാനുള്ള തീരുമാനം ജനുവരി ഏഴു മുതല്‍ പ്രാബല്യത്തില്‍ വന്നതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
വ്യോമമേഖലാ സുരക്ഷ ഉറപ്പാക്കുന്നതിന് അനുസരിച്ചാണ് ഡ്രോണുകള്‍ക്കുള്ള നിരോധനം നീക്കുന്നത്. ഈ ഹോബി സുരക്ഷിതമായി പരിശീലിക്കാന്‍ ആവശ്യമായ എല്ലാ പിന്തുണയും മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയ ശേഷമാണ് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ വ്യക്തികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ബന്ധപ്പെട്ട വകുപ്പുകളുമായും സ്ഥാപനങ്ങളുമായും ഏകോപനം നടത്തി ഡ്രോണുകള്‍ക്ക് ഏകീകൃത ദേശിയ പ്ലാറ്റ്‌ഫോം (യുഎ.ഇ ഡ്രോണ്‍സ്) ആരംഭിച്ചിട്ടുണ്ട്.
ഡ്രോണ്‍ രജിസ്‌ട്രേഷന്‍, ഉപയോഗം ക്രമീകരിക്കല്‍, ഡ്രോണ്‍ ഉപയോഗത്തിനുള്ള വ്യവസ്ഥകള്‍ പരിചയപ്പെടുത്തല്‍ എന്നിവ ലക്ഷ്യമിടുന്ന ഇന്ററാക്ടീവ് പ്ലാറ്റ്‌ഫോം ആണിത്. ഉപയോക്താക്കള്‍ക്ക് നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിന് ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തിയുള്ള ഒരു ഏകീകൃത കേന്ദ്രം എന്നോണമാണ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കുന്നത്. ഡ്രോണ്‍ മേഖലയുടെ തുടര്‍ച്ചയായ വികാസത്തിനും പുരോഗതിക്കും പിന്തുണ നല്‍കുന്ന പ്രധാന ഘടകമായി പ്ലാറ്റ്‌ഫോം കണക്കാക്കപ്പെടുന്നു. ‘വി ദി യു.എ.ഇ 2031’ വിഷനും ‘യു.എ.ഇ ശതാബ്ദി 2071’ നും അനുസൃതമായി ജീവിത നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പ്ലാറ്റ്‌ഫോം സഹായിക്കുന്നു.
ഡ്രോണ്‍ ഉപയോഗം കാരണം വ്യക്തികള്‍ക്കും സ്വത്തിനും ഹാനിയുണ്ടായേക്കാവുന്ന ഏതൊരു അപകടത്തെയും കുറിച്ച് പ്ലാറ്റ്‌ഫോം വഴി റിപ്പോര്‍ട്ട് ചെയ്യേണ്ടത് ഏറെ പ്രധാനമാണ്. യു.എ.ഇ ഡ്രോണ്‍ പ്ലാറ്റ്‌ഫോമിലെ ‘ആക്‌സിഡന്റ് റിപ്പോര്‍ട്ട്’ ഓപ്ഷനിലൂടെ ആവശ്യമായ വിവരങ്ങള്‍ നല്‍കി ഫോം പൂരിപ്പിച്ചാണ് ഡ്രോണ്‍ അപകടത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. വ്യക്തികളുടെയും സമൂഹത്തിന്റെയും സ്വത്തിന്റെയും സുരക്ഷ വര്‍ധിപ്പിക്കുന്ന തരത്തില്‍ ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെ നിലവാരം ഉയര്‍ത്താനാണ് അപകടങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ശേഖരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ പറഞ്ഞു.