ദമാം – സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഹഫര്‍ അല്‍ബാത്തിനില്‍ തണുപ്പകറ്റാന്‍ മുറിയില്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ച് കിടന്നുറങ്ങിയ പത്തംഗ യെമനിലെ കുടുംബത്തിലെ നാലു കുട്ടികള്‍ ഹീറ്ററില്‍ നിന്ന് തീ പടര്‍ന്നുപിടിച്ച് ദാരുണമായി മരിച്ചു. ആറു പേരെ അത്യാസന്ന നിലയില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. യെമനി കുടുംബത്തിന്റെ താമസസ്ഥലത്ത് തീ പടര്‍ന്നുപിടിച്ചതായി പുലര്‍ച്ചെ നാലരക്ക് സിവില്‍ ഡിഫന്‍സില്‍ വിവരം ലഭിക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനം നടത്തി ആറു പേരെ രക്ഷിച്ചു. നാലു പേരെ രക്ഷപ്പെടുത്താന്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍ക്ക് സാധിച്ചില്ല. എട്ടു മാസം മാത്രം പ്രായമുള്ള പിഞ്ചുബാലികയും അടുത്ത റമദാനു ശേഷം വിവാഹം നടത്താന്‍ നിശ്ചയിച്ച പ്രതിശ്രുതവധുവും അടക്കം നാലു കുട്ടികളാണ് മരണപ്പെട്ടത്.
മകന്റെ വീട്ടില്‍ തീ പടര്‍ന്നുപിടിച്ചതായി അയല്‍വാസികള്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ട് അറിയിക്കുകയായിരുന്നെന്ന് യെമനി പൗരന്‍ അവദ് ദര്‍വേശ് പറഞ്ഞു. വിവരമറിഞ്ഞ് തങ്ങള്‍ മകന്റെ വീട്ടില്‍ ഓടിയെത്തിയപ്പോഴേക്കും സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ച് മൃതദേഹങ്ങള്‍ പുറത്തെടുത്ത് പ്ലാസ്റ്റിക് കീസുകളില്‍ പൊതിഞ്ഞിരുന്നു.
തന്റെ മകളും മരുമകനും മക്കളും കഴിയുന്ന വീട്ടിലാണ് ദുരന്തം. മരുമകന്‍ തനിക്ക് മകനെ പോലെ തന്നെയായിരുന്നു. മരുമകനെ താനാണ് വളര്‍ത്തി വലുതാക്കി മകളെ വിവാഹം ചെയ്തുകൊടുത്തത്. പതിനെട്ടുകാരിയായ പേരമകളുടെ വിവാഹം അടുത്ത റമദാനു ശേഷം നടത്താന്‍ തീരുമാനിച്ചതായിരുന്നു. മൂത്ത പേരമകള്‍ക്കു പുറമെ എട്ടു മാസം മാത്രം പ്രായമുള്ള പേരമകളും അഞ്ചു വയസ് പ്രായമുള്ള പേരമകനും പതൊന്നു വയസുള്ള പേരമകളുമാണ് ദുരന്തത്തില്‍ മരണപ്പെട്ടത്.
പരിക്കേറ്റവര്‍ ഹഫര്‍ അല്‍ബാത്തിനിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്നും അവദ് ദര്‍വേശ് പറഞ്ഞു. ഹഫര്‍ അല്‍ബാത്തിന്‍ ഗവര്‍ണര്‍ അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫൈസല്‍ രാജകുമാരന്‍ പരിക്കേറ്റവരെ ആശുപത്രികളില്‍ സന്ദര്‍ശിക്കുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു.