GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ജിദ്ദ എയര്‍പോര്‍ട്ടില്‍ ശക്തമായ കാറ്റിലും മഴയിലും നൂറു കണക്കിന് ഇരുമ്പ് ബോക്‌സുകള്‍ പാറിപ്പറന്നു, അല്‍രിഹാബ് ഡിസ്ട്രിക്ടില്‍ പെട്രോള്‍ ബങ്കിന് മിന്നലേറ്റ് കേടുപാടുകള്‍ സംഭവിച്ച

ജിദ്ദ – കനത്ത മഴക്കിടെ ആഞ്ഞുവീശിയ ശക്തമായ കാറ്റില്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ ടെര്‍മിനലുകളില്‍ നിന്ന് വിമാനങ്ങളിലേക്ക് ലഗേജുകള്‍ നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന നൂറു കണക്കിന് ഇരുമ്പ് ബോക്‌സുകള്‍ പാറിപ്പറന്നു. ബോക്‌സുകളില്‍ ഒന്ന് സൗദിയ വിമാനത്തിന്റെ മുന്‍ഭാഗത്ത് ഇടിച്ചാണ് നിന്നത്. എയര്‍പോര്‍ട്ടില്‍ സൗദിയ ഗ്രൗണ്ട് സര്‍വീസ് കമ്പനിക്കും മറ്റു സുരക്ഷാ, സ്വകാര്യ വകുപ്പുകള്‍ക്കും കീഴിലെ നിരവധി വാഹനങ്ങളില്‍ ഇരുമ്പ് ബോക്‌സുകള്‍ പാറിപ്പറന്നുവീണും കൂട്ടിയിടിച്ചും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.


ജിദ്ദ വിമാനത്താവളത്തില്‍ മണിക്കൂറില്‍ 116.68 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞുവീശിയതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ഖഹ്താനി പറഞ്ഞു. എയര്‍പോര്‍ട്ടില്‍ ഇരുമ്പ് ബോക്‌സുകള്‍ പാറിപ്പറക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ വിദേശ ജീവനക്കാരില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമത്തിലൂടെ പുറത്തുവിട്ടു.


ശക്തമായ കാറ്റും മഴയും ജിദ്ദ എയര്‍പോര്‍ട്ടില്‍ നിരവധി വിമാന സര്‍വീസുകളെ ബാധിച്ചു. കാറ്റും മഴയും ശമിച്ചതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ സര്‍വീസുകള്‍ പടിപടിയായി സാധാരണ നിലയിലായി.

ജിദ്ദ അല്‍രിഹാബ് ഡിസ്ട്രിക്ടില്‍ മിന്നലേറ്റ് കേടുപാടുകള്‍ സംഭവിച്ച പെട്രോള്‍ ബങ്ക്.
ജിദ്ദ അല്‍രിഹാബ് ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കിന് മിന്നലേറ്റ് സാരമായ കേടുപാടുകള്‍ സംഭവിച്ചു. പെട്രോള്‍ ബങ്കിനോട് ചേര്‍ന്ന് സ്ഥാപിച്ച മൊബൈല്‍ ഫോണ്‍ ടവറിലാണ് മിന്നലേറ്റത്. ഇതിന്റെ ആഘാതത്തില്‍ പെട്രോള്‍ ബങ്കില്‍ സ്‌ഫോടനവും അഗ്നിബാധയുമുണ്ടാവുകയും കേടുപാടുകള്‍ സംഭവിക്കുകയായിരുന്നു.



ബങ്കിലെ നിലവും ഇന്ധനം നിറക്കുന്ന സ്ഥലങ്ങളും തകര്‍ന്നു. സംഭവ സമയത്ത് പെട്രോള്‍ ബങ്കിലുണ്ടായിരുന്ന ഏതാനും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. തസംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!