മക്ക – മക്ക ഹിറാ ഡിസ്ട്രിക്ടില്‍ കനത്ത മഴയിലും ശക്തമായ കാറ്റിലും കൂറ്റന്‍ ഭിത്തിയിടിഞ്ഞ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ജിദ്ദയില്‍ ശക്തമായ മഴക്കിടെ റോഡില്‍ കുത്തിയൊലിച്ച വെള്ളത്തില്‍ ഡെലിവറി ജീവനക്കാരന്റെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. സൗദി പൗരന്മാരില്‍ ഒരാള്‍ ഓടിയെത്തി സഹായിച്ചാണ് ബൈക്ക് ഉയര്‍ത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
ജിദ്ദയിലും മക്കയിലും മദീനയിലും കനത്ത മഴ
ജിദ്ദയില്‍ റോഡില്‍ ശക്തമായ ഒഴുക്കില്‍ പെട്ട് മറിഞ്ഞ ഡെലിവറി ജീവനക്കാരന്റെ ബൈക്ക് സൗദി പൗരന്റെ സഹായത്തോടെ ഉയര്‍ത്താന്‍ ശ്രമിക്കുന്നു.
ജിദ്ദയിലും മക്കയിലും മദീനയിലും അടക്കം സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഇന്ന് കനത്ത മഴയാണ് പെയ്തത്. മക്കയില്‍ കനത്ത മഴയില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ മലവെള്ളപ്പാച്ചില്‍ രൂപപ്പെട്ടു. മക്കയില്‍ വിശുദ്ധ ഹറമില്‍ കനത്ത മഴ വകവെക്കാതെ പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ കഅ്ബാലയത്തോട് ചേര്‍ന്ന മതാഫില്‍ നനഞ്ഞ് കുതിര്‍ന്ന് ഉംറ കര്‍മം നിര്‍വഹിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയും സാമൂഹികമാധ്യമ ഉപയോക്താക്കള്‍ വ്യാപകമായി പങ്കുവെച്ചു.
ജിദ്ദ എയർപോർട്ടിൽ മണിക്കൂറിൽ 116. കി.മീ വേഗതയിൽ കാറ്റ്
ജിദ്ദ എയര്‍പോര്‍ട്ടില്‍ മണിക്കൂറില്‍ 116.68 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് ആഞ്ഞുവീശിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ഖഹ്താനി പറഞ്ഞു.
ജിദ്ദക്ക് സമീപം കടലിൽ വാട്ടർ ടവർ
ജിദ്ദക്കു സമീപം റാബിഗില്‍ ശക്തമായ കാറ്റിനും മഴക്കുമിടെ സമുദ്രത്തില്‍ വാട്ടര്‍ ടവര്‍ പ്രതിഭാസം പ്രത്യക്ഷപ്പെട്ടു. ഏറ്റവും ശക്തമായ വാട്ടര്‍ ടവര്‍ പ്രതിഭാസമാണ് റാബിഗിലുണ്ടായത്. വാട്ടര്‍ ടവര്‍ ബീച്ചില്‍ സ്പര്‍ശിക്കുകയും ചെയ്തു. ആദ്യമായാണ് സൗദിയില്‍ വാട്ടര്‍ ടവര്‍ പ്രതിഭാസം ബീച്ചില്‍ സ്പര്‍ശിക്കുന്നത്. വാട്ടര്‍ ടവര്‍ റാബിഗില്‍ തിരമാലകള്‍ ഉയരാന്‍ ഇടയാക്കി. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിനു കീഴിലെ ഗവേഷണ വിഭാഗം ഈ പ്രതിഭാസത്തെ കുറിച്ച് പഠിക്കുമെന്നും ഹുസൈന്‍ അല്‍ഖഹ്താനി പറഞ്ഞു.
മക്ക ഹിറാ ഡിസ്ട്രിക്ടില്‍ കനത്ത മഴയിലും ശക്തമായ കാറ്റിലും കൂറ്റന്‍ ഭിത്തിയിടിഞ്ഞ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മേല്‍ പതിച്ചപ്പോള്‍.
ഏറ്റവും കൂടുതൽ മഴ മദീനയിൽ
മദീന പ്രവിശ്യയിലെ ബദ്‌റിലാണ് ഇരുപത്തിനാലു മണിക്കൂറിനിടെ ഏറ്റവുമധികം മഴ ലഭിച്ചത്. ഇരുപത്തിനാലു മണിക്കൂറിനിടെ ബദ്‌റിലെ അല്‍ശഫിയയില്‍ 49.2 മില്ലീമീറ്റര്‍ മഴ ലഭിച്ചു. മസ്ജിദുന്നബവിയില്‍ 36.1 മില്ലീമീറ്ററും മദീന അല്‍മസൈജിദില്‍ 33.6 മില്ലീമീറ്ററും ഖുബാ മസ്ജിദില്‍ 28.4 മില്ലീമീറ്ററും സുല്‍ത്താന ഡിസ്ട്രിക്ടില്‍ 26.8 മില്ലീമീറ്ററും അല്‍സുവൈദിരിയയിലും ബദ്‌റിലും 23 മില്ലീമീറ്റര്‍ വീതവും മഴ ലഭിച്ചു. മക്ക, മദീന, അല്‍ഖസീം, തബൂക്ക്, ഉത്തര അതിര്‍ത്തി പ്രവിശ്യ, അല്‍ജൗഫ് എന്നീ ആറു പ്രവിശ്യകളില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ മഴ ലഭിച്ചു.