ജിദ്ദ : ട്രെയിന്‍ യാത്രക്കിടെ ബാഗേജ് നഷ്ടപ്പെട്ടാല്‍ 4,000 റിയാല്‍ തോതില്‍ നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വെ കമ്പനി (സൗദി അറേബ്യന്‍ റെയില്‍വെയ്സ്) ബാധ്യസ്ഥമാണെന്ന് ട്രെയിന്‍ യാത്രക്കാരുടെ അവകാശങ്ങളും ബാധ്യതകളുമായും ബന്ധപ്പെട്ട് ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി തയാറാക്കിയ കരടു നിയമം വ്യക്തമാക്കുന്നു. യാത്രക്കാരുടെ ബാഗേജുകള്‍ നഷ്ടപ്പെടുന്നതിന്റെയും കേടുവരുന്നതിന്റെയും ഉത്തരവാദിത്തം റെയില്‍വെ കമ്പനിക്കാണ്. ട്രെയിന്‍ യാത്രക്കിടെ രജിസ്റ്റര്‍ ചെയ്യുന്ന ബാഗേജുകള്‍ നഷ്ടപ്പെട്ടാല്‍ ഓരോ ബാഗേജിനും 4,000 റിയാല്‍ തോതില്‍ നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വെ കമ്പനി ബാധ്യസ്ഥമാണ്.
ബാഗേജുകള്‍ക്ക് സംഭവിക്കുന്ന കേടുപാടുകള്‍ക്കും യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. ട്രോളി ബാഗുകളുടെ ടയറുകള്‍ക്കുള്ള കേടുകള്‍, ഹാന്‍ഡിലുകള്‍ക്കുള്ള കേടുപാടുകള്‍ പോലെ നന്നാക്കാന്‍ കഴിയുന്ന ഭാഗികമായ കേടുപാടുകള്‍ക്ക് 1,000 റിയാല്‍ തോതിലും നന്നാക്കാന്‍ കഴിയാത്ത പൂര്‍ണമായ കേടുപാടുകള്‍ക്ക് 2,500 റിയാല്‍ തോതിലും യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. യാത്രക്കിടെ യാത്രക്കാരന്‍ മരണപ്പെടുകയും ഇതിന്റെ ഉത്തരവാദിത്തം റെയില്‍വെ കമ്പനിക്കാണെന്ന് തെളിയുകയും ചെയ്താല്‍ അനന്തരാവകാശികള്‍ക്ക് നല്‍കുന്ന നിയമാനുസൃത നഷ്ടപരിഹാരത്തിനു പുറമെ മൃതദേഹം നീക്കം ചെയ്യാനുള്ള ചെലവ് അടക്കമുള്ള ചെലവുകള്‍ കമ്പനി വഹിക്കല്‍ നിര്‍ബന്ധമാണ്.
സുരക്ഷാ കാരണങ്ങളാലല്ലാതെ ട്രെയിന്‍ സര്‍വീസ് റദ്ദാക്കാനോ നീട്ടിവെക്കാനോ പാടില്ല.
ട്രെയിന്‍ സര്‍വീസ് റദ്ദാക്കുന്ന പക്ഷം യാത്രക്കാര്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തെ കുറിച്ചും നഷ്ടപരിഹാരം ലഭിക്കാന്‍ സ്വീകരിക്കേണ്ട നടപടികളെയും കുറിച്ച് റെയില്‍വെ കമ്പനി യാത്രക്കാരെ അറിയിച്ചിരിക്കണം. സര്‍വീസ് റദ്ദാക്കുന്നതിനെ കുറിച്ച് 48 മണിക്കൂറിലേറെ നേരം മുമ്പ് യാത്രക്കാരെ അറിയിക്കുന്ന പക്ഷം ഉപയോഗിക്കാത്ത ടിക്കറ്റിന്റെ പൂര്‍ണ തുക തിരികെ ലഭിക്കാന്‍ യാത്രക്കാര്‍ക്ക് അവകാശമുണ്ട്. സര്‍വീസ് റദ്ദാക്കുന്നതിനെ കുറിച്ച് 48 മണിക്കൂറിനും 24 മണിക്കൂറിനും ഇടയിലാണ് അറിയിക്കുന്നതെങ്കില്‍ ടിക്കറ്റ് നിരക്കിനു പുറമെ ടിക്കറ്റ് തുകയുടെ 50 ശതമാനത്തിന് തുല്യമായ തുക നഷ്ടപരിഹാരം ലഭിക്കാനും യാത്രക്കാരന് അവകാശമുണ്ട്.
സര്‍വീസ് റദ്ദാക്കുന്നതിനെ കുറിച്ച് 24 മണിക്കൂറില്‍ കുറവ് സമയത്തിനകമാണ് അറിയിക്കുന്നതെങ്കില്‍ ടിക്കറ്റ് നിരക്കിനു പുറമെ ടിക്കറ്റ് നിരക്കിന്റെ 100 ശതമാനത്തിന് തുല്യമായ തുക നഷ്ടപരിഹാരവും യാത്രക്കാര്‍ക്ക് ലഭിക്കും.സര്‍വീസിന് രണ്ടു മണിക്കൂറിലേറെ കാലതാമസം നേരിടുമ്പോഴും യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. രണ്ടു മുതല്‍ മൂന്നു മണിക്കൂര്‍ വരെ കാലതാമസം നേരിടുന്നതിന് ടിക്കറ്റിന്റെ 50 ശതമാനത്തിന് തുല്യമായ തുകയും മൂന്നു മുതല്‍ നാലു മണിക്കൂര്‍ വരെ കാലതാമസം നേരിടുന്നതിന് ടിക്കറ്റ് നിരക്കിന്റെ 75 ശതമാനത്തിന് തുല്യമായ തുകയും നാലു മണിക്കൂറില്‍ കൂടുതല്‍ കാലതാമസം നേരിടുന്നതിന് ടിക്കറ്റിന് നിരക്കിന്റെ 100 ശതമാനത്തിന് തുല്യമായ തുകയും നഷ്ടപരിഹാരം ലഭിക്കാന്‍ യാത്രക്കാരന് അവകാശമുണ്ട്.
സര്‍വീസിന് കാലതാമസം നേരിടുകയും യാത്ര പൂര്‍ത്തിയാക്കാന്‍ യാത്രക്കാരന്‍ ആഗ്രഹിക്കാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ടിക്കറ്റ് നിരക്കും ടിക്കറ്റ് നിരക്കിന്റെ 50 ശതമാനത്തിന് തുല്യമായ തുകയും നഷ്ടപരിഹാരമാണ് ലഭിക്കുക. സര്‍വീസിന് കാലതാമസം നേരിടുമെന്ന് ടിക്കറ്റ് വാങ്ങുന്നതിനു മുമ്പായി യാത്രക്കാരനെ അറിയിക്കുന്ന പക്ഷം യാത്രക്കാരന് നഷ്ടപരിഹാരത്തിന് അവകാശമുണ്ടാകില്ല. നിശ്ചിത സമയം പിന്നിട്ട് അറുപതു മിനിറ്റിനകം സര്‍വീസ് പുനഃക്രമീകരിച്ചാലും ഇതേപോലെ നഷ്ടപരിഹാരം ലഭിക്കില്ല. ലക്ഷ്യസ്ഥാനത്തെത്താനോ പുറപ്പെടാനോ 60 മിനിറ്റില്‍ കൂടുതല്‍ കാലതാമസം നേരിടുന്ന സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് സൗജന്യമായി ലഘുഭക്ഷണമോ ശീതളപാനീയമോ വിതരണം ചെയ്തിരിക്കണം.
വ്യവസ്ഥകള്‍ ലംഘിക്കാത്ത, കണ്‍ഫേം ചെയ്ത ടിക്കറ്റുള്ള യാത്രക്കാരന് സീറ്റ് നിഷേധിക്കാന്‍ റെയില്‍വെ കമ്പനിക്ക് അവകാശമില്ല. ഇങ്ങിനെ സീറ്റ് നിഷേധിക്കുന്ന പക്ഷം ടിക്കറ്റ് നിരക്കും ടിക്കറ്റ് നിരക്കിന്റെ 100 ശതമാനത്തിന് തുല്യമായ തുക നഷ്ടപരിഹാരവും യാത്രക്കാരന് നല്‍കല്‍ നിര്‍ബന്ധമാണ്. സുരക്ഷാ വകുപ്പുകളോ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോ ആണ് ട്രെയിനില്‍ കയറുന്നതില്‍ നിന്ന് യാത്രക്കാരനെ തടയുന്നതെങ്കില്‍ റെയില്‍വെ കമ്പനി ഒരുവിധ നഷ്ടപരിഹാരവും നല്‍കേണ്ടതില്ല.