കുവൈത്ത് സിറ്റി: കുവൈത്തിൽ പരിഷ്ക്കരിച്ച ഇഖാമ നിയമം ഇന്നു മുതൽ പ്രാബല്യത്തിൽ വന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങൽ, നവജാതശിശുക്കളുടെ ജനനം റിപ്പോർട്ട് ചെയ്യാതിരിക്കൽ, ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ക്രമക്കേടുകള്‍ എന്നിവ അടക്കമുള്ള നിയമലംഘനങ്ങളുടെ പിഴകള്‍ വർധിപ്പിച്ചിട്ടുണ്ട്.
പുതിയ ഇഖാമ നിയമത്തിലെ ഒമ്പതാം വകുപ്പ് പ്രകാരം, ഗാര്‍ഹിക തൊഴിലാളികള്‍ പോലുള്ള വിദേശികള്‍ നിര്‍ദിഷ്ട വിസകളില്‍ രാജ്യത്തെത്തിയ ശേഷം റെസിഡന്‍സി പെര്‍മിറ്റ് (ഇഖാമ) നേടാതിരിക്കുന്ന പക്ഷം ആദ്യ മാസം പ്രതിദിനം രണ്ടു കുവൈത്തി ദീനാര്‍ പിഴയും തുടര്‍ന്നുള്ള മാസങ്ങളില്‍ പ്രതിദിനം നാലു കുവൈത്തി ദീനാർ വീതവും പരമാവധി 600 കുവൈത്തി ദീനാര്‍ വരെ പിഴ ചുമത്തും. വിസിറ്റ് വിസാ കാലാവധിക്കപ്പുറം കുവൈത്തില്‍ തുടരുന്ന വിദേശികള്‍ക്ക് ഓരോ ദിവസത്തിനും 10 കുവൈത്തി ദീനാര്‍ വീതം പരമാവധി 2,000 ദീനാര്‍ പിഴ ലഭിക്കും.
ജനിച്ച് നാലു മാസത്തിനുള്ളില്‍ കുട്ടികളുടെ ജനനം റിപ്പോര്‍ട്ട് ചെയ്യുന്നതില്ലെങ്കിൽ കനത്ത പിഴ ലഭിക്കും. കാലതാമസം വരുത്തുന്ന ആദ്യ മാസം പ്രതിദിനം രണ്ടു കുവൈത്തി ദീനാര്‍ വീതം പിഴ ഈടാക്കും. ഇതിനു ശേഷമുള്ള ഓരോ ദിവസത്തിനും പിഴ തുക നാലു കുവൈത്തി ദീനാര്‍ ആയി വര്‍ധിക്കും. പരമാവധി 2,000 ദീനാര്‍ ആണ് പിഴ.
അനധികൃത താമസക്കാരെ കടത്തുകയോ അവര്‍ക്ക് അഭയം നല്‍കുകയോ ചെയ്യുന്നതുള്‍പ്പെടെ ഇഖാമ നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത്തരം നിയമങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും ഇഖാമ നിയമ ലംഘനങ്ങളെ കുറിച്ച് ഉടനടി റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.