റിയാദ് – റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ (മദീന റോഡ്) നാളെ മുതല്‍ സര്‍വീസുകള്‍ക്ക് തുടക്കമാകും. ഇതോടെ മെട്രോയിലെ ആറു ലൈനുകളിലും പൂര്‍ണ തോതില്‍ സര്‍വീസുകള്‍ നിലവില്‍വരും. ഒന്നാം ട്രാക്ക് ആയ ഉലയ്യ-ബത്ഹ (ബ്ലൂ ലൈന്‍), നാലാം ട്രാക്ക് ആയ കിംഗ് ഖാലിദ് എയര്‍പോര്‍ട്ട് (യെല്ലോ ലൈന്‍), ആറാം ട്രാക്ക് ആയ അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് ജംഗ്ഷന്‍-ശൈഖ് ഹസന്‍ ബിന്‍ ഹുസൈന്‍ (വയലറ്റ് ലൈന്‍) എന്നീ മൂന്നു റൂട്ടുകളില്‍ ഡിസംബര്‍ ഒന്നിനും രണ്ടാം ട്രാക്ക് ആയ കിംഗ് അബ്ദുല്ല റോഡ് (റെഡ് ലൈന്‍), അഞ്ചാം ട്രാക്ക് ആയ കിംഗ് അബ്ദുല്‍ അസീസ് റോഡ് (ഗ്രീന്‍ ലൈന്‍) എന്നീ റൂട്ടുകളില്‍ ഡിസംബര്‍ 15 മുതലും സര്‍വീസ് ആരംഭിച്ചിരുന്നു. മൂന്നാം ട്രാക്ക് ആയ മദീന റോഡ് (ഓറഞ്ച് ലൈന്‍) റൂട്ടില്‍ ആണ് നാളെ മുതല്‍ സര്‍വീസ് ആരംഭിക്കുക.
ലോകത്ത് ഒറ്റയടിക്ക് നടപ്പാക്കിയ ഏറ്റവും വലിയ മെട്രോ പദ്ധതിയാണ് റിയാദിലെത്. റിയാദ് മെട്രോയിലെ ആറു ട്രാക്കുകളുടെ ആകെ നീളം 176 കിലോമീറ്ററാണ്. മെട്രോ പാതകളില്‍ ആകെ 85 സ്റ്റേഷനുകളുണ്ട്. ഇതില്‍ നാലെണ്ണം പ്രധാന സ്റ്റേഷനുകളാണ്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലാണ് മെട്രോ ട്രെയിന്‍ സഞ്ചരിക്കുന്നത്. പ്രതിദിനം 11.6 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയിലാണ് റിയാദ് മെട്രോ പൂര്‍ത്തിയാക്കിയിരിക്കുന്നത്. റിയാദ് മെട്രോയില്‍ നാല്‍പതു ശതമാനം ട്രാക്കുകളും ഭൂമിക്കടിയിലൂടെ കടന്നുപോകുന്നു.
സൗദി അറേബ്യയുടെ വിശാലമായ പാരിസ്ഥിതിക പ്രതിബദ്ധതകളുമായും 2060 ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുകയെന്ന ലക്ഷ്യവുമായും മെട്രോ പദ്ധതി യോജിച്ചുപോകുന്നു. തലസ്ഥാന നഗരിയിലെ നിര്‍ണായകമായ ഗതാഗത പ്രശ്നത്തെ അഭിസംബോധന ചെയ്തുകൊണ്ട് മെട്രോ സംവിധാനം ഡിസംബര്‍ ഒന്നിന് ആരംഭിച്ചത് നഗര ഗതാഗത മേഖലയില്‍ ഒരു നാഴികക്കല്ലായി മാറി. ചരിത്രപരമായി ഏതാണ്ട് പൂര്‍ണമായും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്ന നഗരത്തില്‍ പൊതുഗതാഗത സംവിധാനത്തിലെ അടിസ്ഥാനപരമായ മാറ്റത്തെ റിയാദ് മെട്രോ പ്രതിനിധീകരിക്കുന്നു. റിയാദില്‍ അഞ്ചു കിലോമീറ്റര്‍ യാത്രക്ക് ചിലപ്പോള്‍ ഒരു മണിക്കൂര്‍ വരെ എടുക്കുന്ന സാഹചര്യമാണുള്ളത്.
കാറുകള്‍ക്ക് പുറത്ത് ഗതാഗതത്തിന് ബദല്‍ മാര്‍ഗങ്ങള്‍ ആവശ്യമാണെന്നും റിയാദ് ഗതാഗത സ്തംഭവനാവസ്ഥയിലാണെന്നും സോവറീന്‍ പി.പി.ജി കെ.എസ്.എയുടെ സി.ഇ.ഒ നാസിര്‍ മൂസ പറഞ്ഞു. നഗരത്തിന് ചുറ്റുമുള്ള ഗതാഗതം സുഗമമാക്കാന്‍ പൊതുഗതാഗത പരിഹാരങ്ങള്‍ നിര്‍ണായകമാണ്.
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ ശൃംഖലയാണ് റിയാദിലെത്. സീമെന്‍സ്, ബൊംബാര്‍ഡിയര്‍, അല്‍സ്റ്റോം എന്നിവ നിര്‍മിച്ച 183 ട്രെയിനുകള്‍ റിയാദ് മെട്രോയില്‍ സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നു. പൂര്‍ണമായും ഓട്ടോമേറ്റഡ് ഓപ്പറേഷന്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന റിയാദ് മെട്രോ മധ്യപൗരസ്ത്യ മേഖലയില്‍ പൊതുഗതാഗത പശ്ചാത്തല സൗകര്യത്തില്‍ സുപ്രധാന സാങ്കേതിക കുതിച്ചുചാട്ടത്തെ പ്രതിനിധീകരിക്കുന്നു.
നൈറ്റ് ഫ്രാങ്ക് റിപ്പോര്‍ട്ട് അനുസരിച്ച് 2022 ല്‍ 70 ലക്ഷമായിരുന്ന റിയാദ് ജനസംഖ്യ 2030 ല്‍ 93 ലക്ഷമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. നഗരത്തിലെ വര്‍ധിച്ചുവരുന്ന ജനസംഖ്യക്കൊപ്പം നില്‍ക്കാനാണ് റിയാദ് മെട്രോ ശൃംഖല ലക്ഷ്യമിടുന്നത്. മെട്രോ സംവിധാനത്തില്‍ 2,860 ബസ് സ്റ്റോപ്പുകളും 842 ബസുകളും അടങ്ങിയ 80 ബസ് റൂട്ടുകളും ഉള്‍പ്പെടുന്നു. ശരിയായ ഗതാഗത സംവിധാനങ്ങള്‍ ഇല്ലെങ്കില്‍ ഒരു നഗരത്തിന്റെ ഒഴുക്കിന് ബുദ്ധിമുട്ട് നേരിടുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്‌തേക്കും. ഇത് വലിയ സാമ്പത്തിക ആഘാതം ഉണ്ടാക്കുമെന്ന് നാസിര്‍ മൂസ വിശദീകരിച്ചു.
എല്ലാവര്‍ക്കുമായി ആധുനികവും കാര്യക്ഷമവും സംയോജിതവുമായ പൊതുഗതാഗത സംവിധാനം പ്രദാനം ചെയ്തുകൊണ്ട് റിയാദ് മെട്രോ തലസ്ഥാനത്തെ നഗര ഗതാഗതത്തെ പരിവര്‍ത്തനം ചെയ്യുമെന്ന് അറ്റ്കിന്‍സ്‌റിയലിസിലെ മിഡില്‍ ഈസ്റ്റ് ആന്റ് ആഫ്രിക്ക സി.ഇ.ഒ കാംബെല്‍ ഗ്രേ പറഞ്ഞു. സുരക്ഷിതവും ആക്‌സസ് ചെയ്യാവുന്നതുമായ ഗതാഗത ഓപ്ഷന്‍ വാഗ്ദാനം ചെയ്തുകൊണ്ട് നഗരവാസികളുടെയും സന്ദര്‍ശകരുടെയും ജീവിത നിലവാരം റിയാദ് മെട്രോ മെച്ചപ്പെടുത്തും.
റിയാദിലെ വികസന പദ്ധതികള്‍ സുഗമമാക്കുന്നതില്‍ മെട്രോ നെറ്റ്വര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കും. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ റിയാദിനെ ലോകത്തിലെ ഏറ്റവും വലിയ പത്ത് നഗര സമ്പദ്വ്യവസ്ഥകളിലൊന്നാക്കി മാറ്റാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. 2030 ഓടെ ക്രമാതീതമായി വളരുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ജനസംഖ്യയുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി പരിവര്‍ത്തനാത്മക പദ്ധതികള്‍ നടപ്പാക്കാനാണ് ശ്രമം. സാമ്പത്തിക വികസനം ഈ ജനസംഖ്യാ വളര്‍ച്ചയെ പിന്തുണക്കുന്നു. റിയാദിനെ താമസത്തിനും ജോലിക്കുമുള്ള കൂടുതല്‍ ആകര്‍ഷകമായ സ്ഥലമാക്കി ഇത് മാറ്റും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, പ്രാദേശിക ബിസിനസുകള്‍ വര്‍ധിപ്പിക്കല്‍,