ജിദ്ദ – വിവിധ അതിര്‍ത്തി പ്രവേശന കവാടങ്ങള്‍ വഴി സൗദിയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള മൂന്നു ശ്രമങ്ങള്‍ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വിഫലമാക്കി. 2,20,000 ലേറെ ലഹരി ഗുളികകള്‍ കടത്താനുള്ള ശ്രമങ്ങളാണ് വിഫലമാക്കിയത്. സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ വഴി കാറിന്റെ ഡോറുകള്‍ക്കകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വ്യത്യസ്ത ഇനങ്ങളില്‍ പെട്ട 1,66,345 ലഹരി ഗുളികകള്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പിടികൂടി.
ഉത്തര സൗദിയിലെ അല്‍ഹദീസ അതിര്‍ത്തി പോസ്റ്റ് വഴി യാത്രക്കാരന്‍ ബാഗില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 21,011 ലഹരി ഗുളികകളും തബൂക്കിലെ ദിബാ തുറമുഖം വഴി എത്തിയ ട്രക്കില്‍ ഡ്രൈവറുടെ സീറ്റിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 34,084 മയക്കുമരുന്ന് ഗുളികകളും അധികൃതര്‍ പിടികൂടി. മയക്കുമരുന്ന് ശേഖരങ്ങള്‍ പിടികൂടിയ ശേഷം, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളുമായി ഏകോപനം നടത്തി മയക്കുമരുന്ന് സൗദിയില്‍ സ്വീകരിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്തതായും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.