ദമാം- മലയാളികളടക്കം 168 ഉംറ തീർത്ഥാടകർ നാട്ടിലേക്ക് മടങ്ങാനാവാതെ ദമാമിൽ കുടുങ്ങി. മംഗലാപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മുഹമ്മദീയ ഉംറ സർവീസിന് കീഴിൽ ഡിസംബർ 15 നു ജിദ്ദയിൽ എത്തിയ ഇവരെ പരിശുദ്ധ ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിന് വേണ്ടി എത്തിക്കുകയായിരുന്നു. ഇവരുടെ പരിചരണത്തിനും ഉംറ നിർവഹണത്തിനും നേതൃത്വം നൽകിയ അമീർ മദീനയിൽ ഇവർക്ക് വിവിധ ഹോട്ടലുകളിൽ താമസത്തിനു സജ്ജമാക്കി അപ്രത്യക്ഷമാകുകയായിരുന്നു.
നാട്ടിലേക്ക് മടങ്ങുന്നതിനു വേണ്ടി തയ്യാറായ ഇവർ അമീറിനെ അന്വേഷിച്ചു നടന്നെങ്കിലും കണ്ടുകിട്ടിയില്ല. തിരിച്ചുപോകാനുള്ള ടിക്കറ്റിന്റെ പണവുമായി അമീർ മുങ്ങുകയായിരുന്നുവെന്നാണ് തീർത്ഥാടകരോട് ഉംറ ഏജൻസി പറഞ്ഞത്. തീർത്ഥാടകർ പ്രശ്നമുണ്ടാക്കിയതോടെ, നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് ദമാമിൽ നിന്നാണെന്നും മദീനയിൽ നിന്നും ദമാമിലെത്താൻ ബസ് സർവീസ് സംഘടിപ്പിക്കാമെന്നും നാട്ടിലുള്ള ഉംറ സർവീസുകാർ തീർത്ഥാടകർക്ക് ഉറപ്പു നൽകി. ചൊവ്വാഴ്ച വൈകിട്ട് മദീനയിൽ നിന്നും മൂന്നു ബസുകളിലായി ദമാമിലെത്തിയ ഇവർക്ക് ഇന്ന് (ബുധനാഴ്ച)പുലർച്ചെയുള്ള വിമാനത്തിൽ യാത്ര ചെയ്യാൻ സാധിച്ചില്ല. ഈ വിഷയം കൂടുതൽ സങ്കീർണ്ണമാകുകയും ദമാമിലെ സാമൂഹ്യ പ്രവർത്തകരും പൊതുപ്രവർത്തകരും ഇടപെടുകയും ചെയ്തു. ഇവർക്ക് പുലർച്ചെ 5 മണിക്കുള്ള കണ്ണൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യാൻ വൈകുന്നേരം നാലുമണിക്ക് മദീനയിൽ നിന്നും ബസ്സിൽ തിരിച്ചാൽ എത്താൻ കഴിയില്ലെന്ന് അറിയാവുന്ന ഉംറ സർവീസ് അധികാരികൾ തീർത്ഥാടകരെ പറ്റിക്കുകയായിരുന്നു.
ദമാമിൽ നിന്നും ഇവർക്കു നൽകിയ ടിക്കറ്റ് ഡമ്മിയായിരുന്നെന്നാണ് തീർത്ഥാടകർ ആരോപിക്കുന്നത്. തീർത്ഥാടകരെ സഹായിക്കുന്നു എന്ന് വരുത്തി തീർക്കാൻ മനഃപൂർവ്വം നടത്തിയ ചെപ്പടിവിദ്യയാണ് ഇതെന്നും തീർത്ഥാടകർ കുറ്റപ്പെടുത്തുന്നു. ഇതിനു സമാനം തന്നെയാണ് ഇന്നലെ ഉച്ചക്ക് ഒരു മണിക്ക് കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യേണ്ട മറ്റൊരു സംഘത്തെ ഇന്നലെ രാത്രി 11 മണിക്ക് മദീനയിൽ നിന്നും പുറപ്പെട്ട ബസുകളിൽ അയച്ചതും. ഈ ബസ്സുകളെല്ലാം വിമാനം പറന്നുയർന്നാണ് ദമാം എയർപോർട്ടിൽ എത്തിയത്. മൂന്ന് ബസ്സുകളിലായി ഇവിടെ എത്തിയ തീർത്ഥാടകർക്ക് സഹായവുമായി പൊതു പ്രവർത്തകരാണ് എത്തിയത്. ഇവരെ അടുത്ത ദിവസം നാട്ടിലെത്തിക്കുന്നതിനുള്ള യാത്രാ സൗകര്യം ഒരുക്കുന്നതിനായി വിവിധ സ്ഥാപനങ്ങളെയും വ്യക്തികളെയും സമീപിക്കുകയും ഇവരുടെ സഹായത്താൽ വിവിധ വിമാനങ്ങളിലായി യാത്രാ സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. മുഖ്യ അമീർ മുങ്ങിയതോടെ ഈ ഗ്രൂപ്പിലുള്ള സഹ അമീറുമാരായ മൂന്നു അമീറുമാർ കൈമലർത്തുകയും ചെയ്തതോടെ കഷ്ടത്തിലായ ഈ തീർത്ഥാടകരിൽ പ്രായമായവരും രോഗികളായ നിരവധി ആളുകളും ഉണ്ട്.
ഉംറയുടെ പേരിൽ പോലും നടത്തുന്ന ഇത്തരം കപട ഏജൻസികളെ തിരിച്ചറിയുകയും ഉംറക്ക് യാത്ര തിരിക്കും മുമ്പ് തിരിച്ചു പോകാനുള്ള ടിക്കറ്റ് കൂടി ഉറപ്പു വരുത്തണമെന്നും സാമൂഹ്യ പ്രവർത്തകർ ആവശ്യപ്പെടുന്നു. നാട്ടിലെത്തിയാൽ ഈ ഏജൻസിയുടെ തട്ടിപ്പിനെ കുറിച്ച് പരാതി നൽകുമെന്നും യാത്രക്കാർ പറഞ്ഞു. ഇവരുടെ യാത്രക്ക് നേതൃത്വം നൽകിയ മുഖ്യ അമീറിനെ കുറിച്ച് നേരത്തെയും സമാനമായ സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടായിരുന്നതായും ആക്ഷേപമുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർക്കോട് , മംഗലാപുരം, ബംഗളുരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വിവിധ ഏജൻസികൾ വഴിയാണ് 65000രൂപ ഫീസ് നൽകി മംഗലാപുരം കേന്ദ്രീകരിച്ചുള്ള മുഹമ്മദീയ ഉംറ സർവീസ് വഴി ഇവർ എത്തിയത്. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ന് രാവിലെ മുതലുള്ള ദമാമിൽ നിന്നുള്ള വിവിധ വിമാനങ്ങളിൽ കണ്ണൂർ, കോഴിക്കോട്, ബംഗളുരു എന്നീ വിമാനത്താവളങ്ങളിൽ ഈ തീർത്ഥാടകർ എത്തിച്ചേരുമെന്ന് സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.