ജിദ്ദ : ‘സ്‌പോണ്‍സര്‍’ എന്ന പദം ഉപയോഗിക്കരുതെന്നും പകരം ‘തൊഴിലുടമ’ എന്ന പദം ഉപയോഗിക്കണമെന്നും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സൗദി വാണിജ്യ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. ഇക്കാര്യം അറിയിച്ച് ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സിന് മന്ത്രാലയം കത്തയച്ചു. വേതനത്തിനു പകരം തൊഴിലാളിയെയോ തൊഴിലാളികളെയോ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും വിശേഷിപ്പിക്കാന്‍ തൊഴില്‍ നിയമത്തിലെ രണ്ടാം വകുപ്പ് ‘തൊഴിലുടമ’ എന്ന പദമാണ് ഉപയോഗിക്കുന്നത്.
വേതനത്തിനു പകരം തൊഴിലുടമയുടെ പ്രയോജനത്തിനായി ജോലി ചെയ്യുന്ന പുരുഷനോ സ്ത്രീയോ ആയ എല്ലാ വ്യക്തികളുമാണ് ‘തൊഴിലാളി’ എന്ന പദം കൊണ്ട് നിര്‍വചിക്കപ്പെടുന്നതെന്നും ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സിന് അയച്ച കത്തില്‍ വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴില്‍ കരാര്‍ ബന്ധം മെച്ചപ്പെടുത്തുന്ന പദ്ധതിക്ക് 2021 ല്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തുടക്കം കുറിച്ചിരുന്നു. തൊഴില്‍ മാറാനുള്ള സ്വാതന്ത്ര്യം, റീ-എന്‍ട്രിക്കും ഫൈനല്‍ എക്‌സിറ്റിനുമുള്ള സ്വാതന്ത്ര്യം എന്നിവയാണ് പദ്ധതിയുടെ പ്രധാന സവിശേഷതകള്‍. ഇത് നിലവില്‍വന്ന ശേഷം സൗദിയില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ 50 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പത്തു ലക്ഷത്തിലേറെ തൊഴിലാളികള്‍ ഇതിനകം പദ്ധതി പ്രയോജനപ്പെടുത്തിയതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.