ദമാം – സൗദി അറേബ്യയുടെ നിയമങ്ങള്‍ ലംഘിച്ച് ബിനാമി ബിസിനസ് സ്ഥാപനം നടത്തിയ ഇന്ത്യക്കാരന് പിഴയും നാടുകടത്തലും. വിദേശ നിക്ഷേപക ലൈസന്‍സ് നേടാതെ അല്‍ഹസയില്‍ ഫര്‍ണിച്ചര്‍ ബിസിനസ് സ്ഥാപനം നടത്തിയ മദീര്‍ ഖാനെ അല്‍ഹസ ക്രിമിനല്‍ കോടതിയാണ് ശിക്ഷിച്ചതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. സൗദി പൗരന്റെ ഒത്താശയോടെ മദീര്‍ ഖാന്‍ സ്വന്തമായി ഫര്‍ണിച്ചര്‍ ബിസിനസ് സ്ഥാപനം നടത്തുകയായിരുന്നു.
നിയമ ലംഘകന് പിഴ ചുമത്തിയ കോടതി, സ്ഥാപനം അടച്ചുപൂട്ടാനും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കാനും വിധിച്ചു. നിയമാനുസൃത സകാത്തും ഫീസുകളും നികുതികളും ഈടാക്കാനും കോടതി ഉത്തരവിട്ടു. മദീര്‍ ഖാനെ സൗദിയില്‍ നിന്ന് നാടുകടത്താനും പുതിയ തൊഴില്‍ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനനാന്ത വിലക്കേര്‍പ്പെടുത്താനും വിധിയുണ്ട്. ഇന്ത്യക്കാരന്റെ പേരുവിവരങ്ങളും ഇയാള്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും നിയമ ലംഘകന്റെ ചെലവില്‍ പത്രത്തില്‍ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു.
അല്‍ഹസയില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍ണിച്ചര്‍ സ്ഥാപനത്തില്‍ വാണിജ്യ മന്ത്രാലയ സംഘം നടത്തിയ പരിശോധനയില്‍ സ്ഥാപനം ഇന്ത്യക്കാരന്‍ ബിനാമിയായി സ്വന്തം നിലക്ക് നടത്തുന്നത് സ്ഥിരീകരിക്കുന്ന തെളിവുകള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മദീര്‍ ഖാനെതിരായ കേസ് വാണിജ്യ മന്ത്രാലയം നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. സൗദിയില്‍ ബിനാമി ബിസിനസ് കേസ് പ്രതികള്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ പിഴയും ശിക്ഷ ലഭിക്കും. അനധികൃത രീതിയില്‍ സമ്പാദിക്കുന്ന പണം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കണ്ടുകെട്ടാനും ബിനാമി ബിസിനസ് വിരുദ്ധ നിയമം അനുശാസിക്കുന്നു.