റിയാദ്- മൂന്നു ലക്ഷം റിയാല്‍ നല്‍കാനുണ്ടെന്ന് പറഞ്ഞ് സ്‌പോണ്‍സറുടെ ഓഫീസ് സ്റ്റാഫ് മലയാളിക്കെതിരെ നല്‍കിയ പരാതി കോടതി തള്ളി. റിയാദില്‍ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിക്കെതിരെ സ്‌പോണ്‍സറുടെ ഓഫീസ് ജീവനക്കാരനായ സൗദി പൗരന്‍ നല്‍കിയ പരാതിയാണ് റിയാദ് ജനറല്‍ കോടതി തള്ളിയത്. അവധിക്ക് പോകാനായി സ്‌പോണ്‍സറുടെ ഓഫീസിലെത്തിയതായിരുന്നു ഇദ്ദേഹം. സംസാരിക്കുന്നതിനിടയില്‍ റീ എന്‍ട്രിക്കായി മൊബൈല്‍ ഫോണും അബ്ശിര്‍ വിവരങ്ങളും സ്‌പോണ്‍സറുടെ ഓഫീസിലെ സൗദി ജീവനക്കാരന്‍ ആവശ്യപ്പെട്ടു. അത് നല്‍കുകയും ചെയ്തു. അടുത്ത ദിവസം നീതിന്യായ മന്ത്രാലയത്തില്‍ നിന്ന് ഒരു സന്ദേശം ലഭിച്ചു. അഞ്ച് ദിവസത്തിനകം മൂന്നു ലക്ഷം റിയാല്‍ ഒരു സൗദി പൗരന് നല്‍കണം. ഇല്ലെങ്കില്‍ അഞ്ച് ദിവസത്തിന് ശേഷം യാത്രാ വിലക്ക് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പായിരുന്നു ആ സന്ദേശം. ഒരു വര്‍ഷം മുമ്പായിരുന്നു സംഭവം. തുടര്‍ന്ന് ഇദ്ദേഹം സാമൂഹിക പ്രവര്‍ത്തകനായ സിദ്ദീഖ് തുവ്വൂരിനെ ബന്ധപ്പെടുകയായിരുന്നു.
നീതിന്യായ മന്ത്രാലയത്തിന്റെ നാജിസ് പോര്‍ട്ടല്‍ വഴി കേസിന്റെ വിവരങ്ങളെടുത്തു. മൂന്നു ലക്ഷം സൗദി റിയാല്‍ (66 ലക്ഷം ഇന്ത്യന്‍ രൂപ)് ഇദ്ദേഹം സ്‌പോണ്‍സറുടെ ഓഫീസിലെ ഗവണ്‍മെന്റ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സൗദി പൗരന് കൊടുക്കാനുണ്ടെന്നാണ് പ്രോമിസറി നോട്ടില്‍ പറയുന്നത്. തുടര്‍ന്ന് ജനറല്‍ കോടതിയില്‍ ഇതിനെതിരെ കേസ് ഫയല്‍ ചെയ്തു. ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഈ കേസിലിടപെടാനുള്ള അനുമതി പത്രം ലഭിച്ച ശേഷം കോടതി സിറ്റിങ്ങിലെല്ലാം നിയമ വിദഗ്ധന്‍ ഉസാമ അല്‍അംബറിനോടൊപ്പം ഇവര്‍ക്കാവശ്യമായ പിന്തുണ സിദ്ദീഖ് തുവ്വൂര്‍ നല്‍കി. എതിര്‍ കക്ഷി ഉന്നയിക്കുന്ന വാദങ്ങള്‍ക്ക് വ്യക്തമായ രേഖകളുണ്ടായിരുന്നില്ല എന്നത് ആശ്വാസമായി. അത് കൊണ്ട് തന്നെ കോടതി ഓഡിറ്റ് സംബന്ധമായ കാര്യങ്ങള്‍ക്കായി ഖിബ്‌റ എന്ന സംവിധാനവുമായി ബന്ധപ്പെടണമെന്നറിയിച്ചു. ഖിബ്‌റ ആവശ്യപ്പെട്ട സര്‍വ്വീസ് ഫീസുമടച്ചു. ഖിബ്‌റയുടെ റിപ്പോര്‍ട്ടില്‍ അവര്‍ ആവശ്യപ്പെട്ട രേഖകള്‍ എതിര്‍ കക്ഷി സമര്‍പ്പിച്ചിട്ടില്ലെന്നും മതിയായ രേഖയില്ലാതെയാണ് പരാതി നല്‍കിയതെന്നും അറിയാന്‍ സാധിച്ചു.
റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇരു കക്ഷികളെയും കോടതി വിളിപ്പിച്ചു. ഖിബ്‌റ റിപ്പോര്‍ട്ടിനെ കുറിച്ച് ഇരു കക്ഷികളോടും ജഡ്ജി ചോദിച്ചപ്പോള്‍ ഇദ്ദേഹം ആ റിപ്പോര്‍ട്ടില്‍ സംതൃപ്തനാണെന്ന് പറഞ്ഞു. എതിര്‍ കക്ഷിയോട് ചോദിച്ചപ്പോള്‍ സമര്‍പ്പിച്ച രേഖകളെ കുറിച്ചും കേസുമായി ബന്ധമില്ലാത്ത പല കാര്യങ്ങളും കോടതിയില്‍ സംസാരിച്ചു. ഒടുവില്‍ സൗദി പൗരന്‍ നല്‍കിയ പരാതി തള്ളിയ കോടതി മലയാളിക്ക് അനുകൂലമായി വിധിച്ചു.
അബ്ശിര്‍ വിവരങ്ങളോ മൊബൈല്‍ , ലാപ്‌ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക്ക് ഉപകരണങ്ങളോ മറ്റുള്ളവര്‍ക്ക് കൈമാറുമ്പോള്‍ ജാഗ്രത വേണമെന്നും ഇത്തരത്തില്‍ ചതിയില്‍പ്പെട്ടാല്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതെ നിയമപരമായി തന്നെ മുന്നോട്ട് പോയി നിരപരാധിത്വം തെളിയിക്കണമെന്നും സിദ്ദീഖ് തുവ്വൂര്‍ പറഞ്ഞു.