ജിദ്ദ – തെക്കു പടിഞ്ഞാറന്‍ ജിദ്ദയിലെ അല്‍സ്വവാരീഖ് ഹറാജിലെ 19 സൂഖുകളില്‍ വികസന ജോലികള്‍ക്ക് തുടക്കമായി. പൊതുസ്ഥലങ്ങളിലെ കൈയേറ്റങ്ങള്‍ അവസാനിപ്പിക്കാനും ഇടിഞ്ഞുവീഴാറായ സൂഖുകള്‍ പൊളിച്ചുനീക്കാനും വികസന ജോലികള്‍ നടപ്പാക്കാനും അല്‍സ്വവാരീഖ് ഹറാജ് നേരത്തെ അടച്ചിരുന്നു. നഗരഭൂപ്രകൃതി മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് അല്‍സ്വവാരീഖ് ഹറാജ് സൂഖുകളില്‍ വികസന ജോലികള്‍ നടപ്പാക്കുന്നതെന്ന് ജിദ്ദ നഗരസഭാ വക്താവ് മുഹമ്മദ് അല്‍ബഖമി പറഞ്ഞു.
ജിദ്ദയിലെ ഏറ്റവും വലിയ ജനകീയ ഷോപ്പിംഗ് കേന്ദ്രങ്ങളില്‍ ഒന്നാണ് അല്‍സ്വാരീഖ് ഹറാജ് സൂഖ്. പതിനഞ്ചു ലക്ഷം ചതുരശ്രമീറ്ററിലേറെ വിസ്തീര്‍ണമുള്ള സൂഖിന് 70 വര്‍ഷത്തിലേറെ പഴക്കമുണ്ട്. പുതിയ ഉല്‍പന്നങ്ങളും പഴയ ഉല്‍പന്നങ്ങളും ഇവിടെ വില്‍ക്കുന്നു. ഇവിടെ ആകെ 26 സൂഖുകളാണുള്ളത്. ഇവിടങ്ങളില്‍ 12,000 ഓളം വ്യാപാര സ്ഥാപനങ്ങളുണ്ട്. ഇവക്കു പുറമെ പതിനായിരത്തിലേറെ സ്റ്റാളുകളുമുണ്ട്. അല്‍സ്വവാരീഖ് ഹറാജ് സൂഖിനു സമീപത്തായി വെയര്‍ഹൗസുകളും മറ്റുമായി ഉപയോഗിക്കുന്ന ആയിരത്തോളം മറ്റു സ്ഥാപനങ്ങളുമുണ്ട്.
അല്‍സ്വവാരീഖ് ഹറാജില്‍ 5,78,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്തെ 19 സൂഖുകള്‍ വികസിപ്പിക്കാനുള്ള ജോലികള്‍ ആരംഭിച്ചതായി നഗരസഭാ വക്താവ് പറഞ്ഞു. ആകെ 3,54,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഇടിഞ്ഞുവീഴാറായ സൂഖുകള്‍ പൊളിച്ചുനീക്കുകയും റോഡുകളിലെയും ഫുട്പാത്തുകളിലെയും പൊതുസ്ഥാപനങ്ങളിലെയും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയും ചെയ്യുന്നുണ്ട്. സൂഖിലെ ഫുട്പാത്തുകളും റോഡുകളും പാര്‍ക്കിംഗുകളും വികസിപ്പിക്കാനുള്ള ജോലികള്‍ക്ക് തുടക്കമായിട്ടുണ്ട്. അല്‍സ്വവാരീഖ് സൂഖ് ഏരിയയില്‍ പുതിയ കണ്‍ട്രോള്‍ സെന്റര്‍ സ്ഥാപിക്കുന്നുമുണ്ടെന്ന് മുഹമ്മദ് അല്‍ബഖമി പറഞ്ഞു.
ജിദ്ദ നിവാസികള്‍ക്കു പുറമെ, ഹജ്, ഉംറ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും അല്‍സ്വവാരീഖ് സൂഖ് സേവനം നല്‍കുന്നതായി ജിദ്ദയിലെ അംഗീകൃത ഹറാജുകളിലെ ദല്ലാളുമാരുടെ കാരണവരായ ഹിശാം അല്‍സ്വഖര്‍ പറഞ്ഞു. സൂഖിന് 70 വര്‍ഷത്തിലേറെ പഴക്കമുണ്ട്. സൂഖ് പലതവണ വികസിപ്പിച്ചിട്ടുണ്ട്. 30 വര്‍ഷം മുമ്പ് സൂഖില്‍ ആദ്യ ഘട്ട വികസന ജോലികള്‍ പൂര്‍ത്തിയാക്കി. നിലവില്‍ ഏറ്റവും വലിയ വികസന പദ്ധതികളാണ് സൂഖില്‍ നടപ്പാക്കുന്നത്.
നാലു മാസം മുമ്പ് അല്‍സ്വവാരീഖ് സൂഖില്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. സൂഖില്‍ നടപ്പാക്കുന്ന വികസന ജോലികള്‍ സാമ്പത്തിക, സാമൂഹിക നേട്ടങ്ങള്‍ നല്‍കും. പഴയ ഫര്‍ണിച്ചറും ഇലക്ട്രിക്, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും സ്റ്റേഷനറി ഉല്‍പന്നങ്ങളും സ്‌പെയര്‍ പാര്‍ട്‌സും മറ്റും താരതമ്യേന കുറഞ്ഞ നിരക്കില്‍ ലഭിക്കുമെന്നതാണ് അല്‍സ്വവാരീഖ് ഹറാജിന്റെ സവിശേഷതയെന്നും ഹിശാം അല്‍സ്വഖര്‍ പറഞ്ഞു.
അല്‍സ്വവാരീഖ് ഹറാജില്‍ ഉല്‍പന്നങ്ങള്‍ ലേലത്തില്‍ വില്‍ക്കാനുള്ള അംഗീകൃത കേന്ദ്രമുണ്ട്. ലേലത്തിനെത്തുന്ന ഉല്‍പന്നങ്ങളുടെ അളവിനനുസരിച്ച് ഇവിടെ ദിവസേന എട്ടു മുതല്‍ പത്തു മണിക്കൂര്‍ വരെ നേരം ലേലങ്ങള്‍ നടക്കുന്നു. മോഷണ വസ്തുക്കള്‍ സൂഖിലൂടെ വില്‍ക്കുന്നത് തടയാനും മോഷണ മുതലുകളാണെന്ന് സംശയിക്കപ്പെടുന്ന വസ്തുക്കളെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കാനും സൂഖില്‍ ശക്തമായ നിരീക്ഷണവുമുണ്ട്.