റിയാദ്: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായ യെമന് സൗദി അറേബ്യ 500 കോടി ഡോളര്‍ സഹായം. യെമനി ജനതയുടെ ക്ഷേമത്തിനും വികസനത്തിനും സർക്കാരിന്റേയും രാജ്യത്തെ കേന്ദ്ര ബാങ്കിന്റേയും പ്രവർത്തനങ്ങൾക്കുമുള്ള പിന്തുണ ആയാണ് ധനസഹായം. രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ യെമനി സെൻട്രൽ ബാങ്കിന് 300 കോടി ഡോളർ നൽകി. സർക്കാരിന്റെ ബജറ്റ് കമ്മി നികത്താൻ 200 കോടി ഡോളറും കൈമാറി. യെമനില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിനും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കും സാമ്പത്തിക പരിഷ്‌കാര പദ്ധതികള്‍ നടപ്പാക്കാനുമാണ് സൗദിയുടെ സഹായം. യെമനിലെ വികസന, പുനര്‍നിര്‍മാണ പ്രവർത്തനങ്ങൾക്കുള്ള സൗദിയുടെ പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് ഈ ധനസഹായം.
സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ശേഷി വികസിപ്പിക്കാനും, സുസ്ഥിര സാമ്പത്തിക വളര്‍ച്ചക്ക് ചാലകശക്തിയായി പ്രവര്‍ത്തിക്കാന്‍ സ്വകാര്യ മേഖലയെ പ്രാപ്തമാക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് ഈ സാമ്പത്തിക സഹായത്തിലൂടെ ലക്ഷ്യമിടുന്നത്. നേരത്തെ യെമന്‍ സെന്‍ട്രല്‍ ബാങ്കില്‍ സൗദി അറേബ്യ നടത്തിയ നിക്ഷേപങ്ങള്‍ വിദേശനാണ്യ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്നതിനും, വിനിമയ നിരക്ക് കുറക്കുന്നതിനും, രാജ്യത്തിന്റെ സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തുന്നതിനും, ഇന്ധന വില കുറക്കുന്നതിനും, ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ വില കുറക്കുന്നതിനും സഹായകമായിരുന്നു.
സാമ്പത്തികവും സാമൂഹികവുമായ വികസനം പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനച്ചെലവ് ലാഭിക്കാനും ദേശീയ സമ്പദ്വ്യവസ്ഥയെ പിന്തുണക്കാനും വിദേശനാണ്യം വര്‍ധിപ്പിച്ച് സാമ്പത്തിക തകര്‍ച്ച കുറക്കാനും സെന്‍ട്രല്‍ ബാങ്കില്‍ ആത്മവിശ്വാസം ഉയര്‍ത്താനും സൗദി അറേബ്യയുടെ സാമ്പത്തിക പിന്തുണ സഹായിച്ചു. സാമ്പത്തിക ഇടപാടുകളും വിദേശ സഹായവും യെമനിലെ വരുമാന സന്തുലിതാവസ്ഥയും ഇത് ശക്തിപ്പെടുത്തി.
സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിലും പണപ്പെരുപ്പത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിലും ശമ്പള, വേതനയിനത്തിലെ ചെലവുകള്‍ വഹിക്കാനുള്ള സര്‍ക്കാരിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിലും സൗദി ധനസഹായം പ്രധാന പങ്ക് വഹിച്ചു. ഇത് ബജറ്റ് കമ്മി കുറക്കാനും സാമ്പത്തിക സ്ഥിരത മെച്ചപ്പെടുത്താനും കടമെടുക്കല്‍ കുറയ്ക്കാനും സഹായിച്ചു.
യെമനിലെ എല്ലാ ഗവര്‍ണറേറ്റുകളിലുമായി 80 വൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ഇന്ധനം നേരത്തെ സൗദി അറേബ്യ സൗജന്യമായി നല്‍കിയിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, ജലം, ഊര്‍ജം, ഗതാഗതം, കൃഷി, മത്സ്യബന്ധനം, ഗവണ്‍മെന്റിന്റെ ശേഷികള്‍ വികസിപ്പിക്കല്‍ എന്നീ എട്ടു സുപ്രധാന മേഖലകളില്‍ സൗദി അറേബ്യ യെമനിലുടനീളം 263 വികസന പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. യെമനില്‍ സാമ്പത്തിക വളര്‍ച്ച ഉത്തേജിപ്പിക്കാനും സുപ്രധാന മേഖലകളുടെ കാര്യക്ഷമതയും ഉല്‍പാദനക്ഷമതയും സേവന നിലവാരവും ഉയര്‍ത്താൻ ഇതിലൂടെ സാധിച്ചു.