ജിദ്ദ – വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പായി സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാതെ സൗദിയില്‍ അനധികൃതമായി തങ്ങുന്ന വിസിറ്റ് വിസക്കാരെ കുറിച്ച് ഓണ്‍ലൈന്‍ വഴി എളുപ്പത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സൗകര്യം ഏർപ്പെടുത്തി. വിസിറ്റ് വിസക്കാരെ സൗദിയിലേക്ക് കൊണ്ടുവരുന്ന വ്യക്തികള്‍ക്കാണ് റിപ്പോർട്ട് ചെയ്യാനുള്ള അവസരം ലഭിക്കുക. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറിലാണ് സേവനം തുടങ്ങിയത്.
വിസിറ്റ് വിസക്കാരെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ അഞ്ചു വ്യവസ്ഥകള്‍ ബാധകമാണ്. സന്ദര്‍ശകന്റെ വിസ പേഴ്‌സണല്‍ വിസിറ്റ് വിസയോ ഫാമിലി വിസിറ്റ് വിസയോ ആയിരിക്കണമെന്നതാണ് വ്യവസ്ഥകളില്‍ ഒന്ന്. വിസിറ്റ് വിസ കാലാവധി അവസാനിച്ച് ഏഴു ദിവസത്തിനുള്ളില്‍ പരാതി നല്‍കിയിരിക്കണം. വിസാ കാലാവധി അവസാനിച്ച് പതിനാലു ദിവസത്തിനു ശേഷം പരാതി നല്‍കാന്‍ സാധിക്കില്ല. വിസിറ്റ് വിസക്കാരെ കുറിച്ച് ഇങ്ങിനെ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വിസ കാലാവധി അവസാനിച്ചിരിക്കണം. അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിസിറ്റ് വിസക്കാരനെ കുറിച്ച് ഒരു തവണ മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുകയുള്ളൂ. റിപ്പോര്‍ട്ട് ചെയ്ത ശേഷം അത് പിന്നീട് റദ്ദാക്കാനും കഴിയില്ല.
ഏഴു ദിവസവും അതില്‍ കുറവും കാലാവധി ശേഷിക്കെ വിസിറ്റ് വിസ ദീര്‍ഘിപ്പിക്കാന്‍ കഴിയും. കാലാവധി തീര്‍ന്ന് മൂന്നു ദിവസം പിന്നിടുന്നതിനു മുമ്പായും വിസ ദീര്‍ഘിപ്പിക്കാന്‍ സാധിക്കും. വിസ പുതുക്കുന്ന സമയത്ത് സന്ദര്‍ശകന്‍ സൗദി അറേബ്യക്കകത്തുണ്ടായിരിക്കണമെന്നും വിസ ദീര്‍ഘിപ്പിക്കല്‍ ഫീസ് അടക്കണമെന്നും വ്യവസ്ഥയുണ്ട്. വിസ പുതുക്കുമ്പോള്‍ സന്ദര്‍ശകന്റെ പാസ്‌പോര്‍ട്ടില്‍ കാലാവധിയുണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്. വിസിറ്റ് വിസക്ക് അപേക്ഷിച്ചയാളും വിസ ഉടമയും ജീവിച്ചിരിക്കുന്നവരായിക്കണമെന്നും വ്യവസ്ഥയുണ്ട്. സന്ദര്‍ശകന്റെ പേരില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകള്‍ ഒടുക്കാതെ ബാക്കിയുണ്ടാകാനും പാടില്ല. എത്ര കാലത്തേക്കാണോ വിസിറ്റ് വിസ ദീര്‍ഘിപ്പിക്കുന്നതെങ്കില്‍ അത്രയും കാലത്തേക്കുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് കവറേജും ഉണ്ടായിരിക്കണം. സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസയും മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസയും ഇങ്ങിനെ ദീര്‍ഘിപ്പിക്കാവുന്നതാണ്.
ജോലി സ്ഥലത്തു നിന്ന് ഒളിച്ചോടുന്ന ഗാര്‍ഹിക തൊഴിലാളികളെ കുറിച്ചും അബ്ശിര്‍ പ്ലാറ്റ്‌ഫോം വഴി പരാതി (ഹുറൂബ്) നല്‍കാവുന്നതാണ്. ഇതിന് ഗാര്‍ഹിക തൊഴിലാളിയുടെ ഇഖാമക്ക് കാലാവധിയുണ്ടായിരിക്കണം. ഒരു തൊഴിലാളിക്കെതിരെ ഒരു തവണ മാത്രമേ ഹുറൂബ് പരാതി നല്‍കാന്‍ സാധിക്കുകയുള്ളൂ. ഇഖാമ ഇഷ്യു ചെയ്യാത്ത ഗാര്‍ഹിക തൊഴിലാളിയെ ഹുറൂബാക്കാന്‍ ജവാസാത്ത് ഡയറക്ടറേറ്റിനു കീഴിലെ വിദേശകാര്യ വകുപ്പിനെ നേരിട്ട് സമീപിക്കല്‍ നിര്‍ബന്ധമാണ്. ഹുറൂബ് അബ്ശിര്‍ പ്ലാറ്റ്‌ഫോം വഴി നീക്കം ചെയ്യാന്‍ സാധിക്കില്ല. ഇതിന് ഹുറൂബ് പരാതി നല്‍കി പതിനഞ്ചു ദിവസത്തിനകം വിദേശികാര്യ വകുപ്പിനെ നേരിട്ട് സമീപിക്കണം. പതിനഞ്ചു ദിവസം പിന്നിട്ട ശേഷം ഹുറൂബ് ഒരിക്കലും നീക്കം ചെയ്യാന്‍ സാധിക്കില്ല.
ഇത്തരം സാഹചര്യങ്ങളില്‍ ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തൊഴിലാളിയെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തി പിടികൂടി സൗദിയില്‍ നിന്ന് നാടുകടത്തി പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുകയാണ് ചെയ്യുക. ഫൈനല്‍ എക്‌സിറ്റ് വിസ നല്‍കിയ ഗാര്‍ഹിക തൊഴിലാളിയെയും ഹുറൂബാക്കാന്‍ കഴിയില്ല. ഗാര്‍ഹിക തൊഴിലാളി ഒളിച്ചോടിയതായി പരാതി നല്‍കിയാല്‍ ഇ-സര്‍വീസ് പോര്‍ട്ടലില്‍ തൊഴിലുടമയുടെ അക്കൗണ്ടില്‍ നിന്ന് തൊഴിലാളിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്രത്യക്ഷമാകും.