അബൂദബി: സ്വദേശികൾക്ക് വിവാഹത്തിന് മുമ്പ് ജനിതക പരിശോധന നിർബന്ധമാക്കി യുഎഇ. കുട്ടികളിലെ ജനിതക വൈകല്യങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം. സ്വദേശികളുടെ കുടുംബ ജീവിതത്തിന്റെ സുരക്ഷയും സൗഖ്യവും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് യുഎഇ ആരോഗ്യ മന്ത്രാലയം വിവാഹപൂർവ ജനിതക പരിശോധന നിർബന്ധമാക്കുന്നത്. ജനിതക രോഗങ്ങൾ വരുംതലമുറയിലേക്ക് പകരുന്നത് തടയാനും രോഗസാധ്യതയുണ്ടെങ്കിൽ ചികിത്സ ഉറപ്പുവരുത്താനും പരിശോധന ലക്ഷ്യം വയ്ക്കുന്നു. വിവാഹത്തിന് മുമ്പ് രാജ്യത്ത് നിലവിൽ മെഡിക്കൽ പരിശോധന നിർബന്ധമാണ് എങ്കിലും ജനിതക പരിശോധന ഐച്ഛികമായിരുന്നു.

കുടുംബ ജീവിതത്തിലേക്ക് കടക്കുന്നവർക്കുള്ള പ്രധാന പ്രതിരോധ നടപടിയാണ് ജനിതക പരിശോധനയെന്ന് മന്ത്രാലയം പറയുന്നു. വിവിധ എമിറേറ്റുകളിലെ ആരോഗ്യ വകുപ്പുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മെഡിക്കൽ, സാങ്കേതിക, അക്കാദമിക മേഖലകളിലെ പങ്കാളികളും പരിശോധനയുമായി സഹകരിക്കും. ജനുവരി ആദ്യത്തിൽ പദ്ധതി നടപ്പാക്കുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വാർത്താ കുറിപ്പിൽ പറയുന്നത്. തിയ്യതി വ്യക്തമാക്കിയിട്ടില്ല.
840ൽ അധികം മെഡിക്കൽ അവസ്ഥയുമായി ബന്ധപ്പെട്ട 570 ജീനുകളാണ് പരിശോധനയ്ക്ക് വിധേയമാക്കുക. 2022 മുതൽ അബൂദബിയിൽ പദ്ധതി നിയന്ത്രിതമായ രീതിയിൽ നടന്നു വരുന്നുണ്ട്. ഇതുവരെ എണ്ണൂറിലേറെ സ്വദേശി ദമ്പതികൾ ജനിതക പരിശോധനയ്ക്ക് വിധേയരായി എന്നാണ് കണക്ക്.